എന്‍എസ്‌എസിന്റെ ചുവടുമാറ്റത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടോ? സമുദൂര സിദ്ധാന്തത്തില്‍ നിന്നും മാറി, പതിവിന് വിപരീതമായി ഇടത് സര്‍ക്കാരിന് എന്‍എസ്‌എസ് പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ കനത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിയുമായുള്ള അകല്‍ച്ചയാണ് ശത്രുത വര്‍ധിപ്പിക്കുന്നതിനിടയാക്കിയതെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കാണിക്കേണ്ടിയിരുന്ന ജാഗ്രത നേതൃത്വത്തിന് ഉണ്ടായില്ലെന്നും വിലയിരുത്തലുണ്ട്.
എന്‍എസ്‌എസുമായുള്ള ഭിന്നതയില്‍ അടിയന്തിരമായി തീര്‍പ്പുണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ മോശമാകുമെന്ന് കരുതുന്ന നേതാക്കളാണ് മഞ്ഞുരുകലിനായി ശ്രമിക്കുന്നത്.കോണ്‍ഗ്രസിന് രാഷ്ട്രീയമായ തിരിച്ചടിക്ക് വിവാദങ്ങള്‍ വഴിവെക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ജി സുകുമാരന്‍ നായരുമായുള്ള അഭിപ്രായഭിന്നത ഉടന്‍ പരിഹരിക്കുന്നതിനുള്ള നീക്കം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള എന്‍എസ്‌എസിന്റെ നിലപാട് സിപിഐഎമ്മിനോടുള്ള രാഷ്ട്രീയ ഐക്യത്തിന്റെ ഭാഗമായി കാണേണ്ടതില്ലെന്നാണ് രമേശ് ചെന്നിത്തലയടക്കമുള്ളവരുടെ നിലപാട്. ബിജെപിയേയും കോണ്‍ഗ്രസിനേയും സുകുമാരന്‍ നായര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള വിയോജിപ്പല്ല എന്‍എസ്‌എസ് നിലപാടുമാറ്റത്തിന് പിന്നിലെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്. കോണ്‍ഗ്രസില്‍ വിഡി സതീശന്‍ നേടിയിരിക്കുന്ന മേല്‍ക്കൈയാണ് എന്‍എസ്‌എസിനെ ചൊടിപ്പിച്ചത്. ഇക്കാര്യം സുകുമാരന്‍ നായര്‍ ചില കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് അനുരഞ്ജനത്തിന് നീക്കം തുടങ്ങിയത്.
തന്നെ അംഗീകരിക്കാത്ത വിഡി സതീശനെ താനും അംഗീകരിക്കില്ലെന്നാണ് എസ്‌എസ്‌എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കുന്നത്. സിപിഐഎമ്മിനോടുള്ള അടുപ്പമല്ല, മറിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശനെ രാഷ്ട്രീയമായി ക്ഷീണിപ്പിക്കാനുള്ള ശ്രമമാണ് സുകുമാരന്‍ നായരുടേത് എന്ന് വ്യക്തം.എന്‍എസ്‌എസ്, എസ്‌എന്‍ഡിപി തുടങ്ങിയ സാമുദായിക സംഘടനകള്‍ ഒരേപോലെ ലക്ഷ്യമിടുന്നത് വിഡി സതീശനെയാണ്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ മൗനാനുവാദത്തോടെ നടക്കുന്ന ആരോപണമാണ് ഇതെന്നാണ് ചിലരുടെ അഭിപ്രായം.

















