ബാർ ഗേള്‍സിനൊപ്പം മദ്യപിച്ച് നൃത്തം ചെയ്ത നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സീമാപുരി ഔട്ട്‌പോസ്റ്റിന് കീഴിലുള്ള സാഹിബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഔട്ട്‌പോസ്റ്റ് ഇൻചാർജ് ആശിഷ് ജാദൗണ്‍, കോണ്‍സ്റ്റബിള്‍മാരായ അമിത്, യോഗേഷ്, ഗ്യാനേന്ദ്ര എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.ഒരു കൊടും ക്രിമിനലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി’റോസ് ബാറില്‍’ ആണ് ആഘോഷം നടന്നത്.
അർദ്ധരാത്രി മുതല്‍ പുലർച്ചെ 2:30 വരെയായിരുന്നു പാർട്ടി നടന്നത്. ഇതില്‍ പൊലീസുകാരും പങ്കെടുത്തു. ഇതിന്റെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. പൊലീസുകാർ ബിയർ കുപ്പികളുമായി ബാർ ഗേള്‍സിനൊപ്പം ഡാൻസ് കളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
മദ്യക്കുപ്പികള്‍ക്കൊപ്പം സംഗീതം, ആഘോഷം എന്നിവയുടെ ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.വീഡിയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലും പെട്ടു.കേസില്‍ വകുപ്പുതല അന്വേഷണം നടന്നുവരികയാണ്. ഇതിനുപിന്നാലെയാണ് സീനിയർ പൊലീസ് ഓഫീസർ (ട്രാൻസ്ഹിൻഡണ്‍ ഏരിയ) നിമിഷ് പാട്ടീല്‍ നാല് പൊലീസുകാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്. ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ട്.

















