നാനോ എക്സല്‍ മണി ചെയിൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്നാണ് ഇവരെ തൃശൂർ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഘം ഒളിവില്‍ കഴിയവെയാണ് പൊലീസിന്റെ വലയിലായത്. 600 ല്‍ അധികം തട്ടിപ്പ് കേസുകള്‍ ഇവർക്കെതിരെ സംസ്ഥാനത്തൊട്ടാകെ നിലവിലുണ്ട്. കൂടാതെ നിരവധി കേസുകളില്‍ വാറണ്ടും നിലവിലുണ്ട്.
വൻ പലിശ വാഗ്ദാനം ചെയ്താണ് പ്രതികള്‍ നിക്ഷേപം സ്വീകരിച്ചത്. ഇത്തരത്തില്‍ 300 കോടിയോളം രൂപ തട്ടിയെടുത്തതിന് പിന്നാലെ പ്രതികള്‍ മുങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച കേസില്‍ തൃശൂർ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിയില്‍ ഹാജരാകാതെ ഇവർ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതികള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയിരുന്ന പ്രതികള്‍ വിചാരണ നടപടികളോട് സഹകരിക്കാതെ തമിഴ്‌നാട്ടിലേക്ക് മാറുകയും അതിസമ്ബന്നർ താമസിക്കുന്ന ഫ്ലാറ്റുകളില്‍ ഒളിവില്‍ താമസിക്കുകയുമായിരുന്നു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയുടെ നിർദേശാനുസരണം തൃശൂർ ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ടി.കെ.സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിറ്റക്ടീവ് ഇൻസ്പെക്ടർ റിയാസ് രാജ, ഡിറ്റക്ടീവ് സബ് ഇൻസ്പെക്ടർ തോംസണ്‍ ആന്ററണി, സബ് ഇൻസ്പെക്ടർ ലിജോ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുബീർകുമാർ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

















