മരിച്ചാലും വീഡിയോ ഡിലീറ്റ് ചെയ്യില്ലെന്ന് പറഞ്ഞ് പൊലീസുമായി തർക്കത്തിലേർപ്പെട്ട് യുവതി. ഉത്തർപ്രദേശ് സ്വദേശിനി റൂഹിയാണ് പൊലീസുമായി തർക്കത്തിലായത്. കോട്‌വാലി പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് റീല്‍ ചിത്രീകരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വീഡിയോ ഡിലീറ്റ് ചെയ്യാൻ പൊലീസ് യുവതിയോട് ആവശ്യപ്പെട്ടപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി റൂഹി രംഗത്തെത്തുകയായിരുന്നു.
ഭോജ്പുരി ഗാനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്ലോ മോഷനില്‍ നടന്ന് വരുന്ന റൂഹിയുടെ റീല്‍ ലക്ഷക്കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ, സബ് ഇൻസ്പെക്ടറും വനിതാ കോണ്‍സ്റ്റബിളും റൂഹിയുടെ വീട്ടിലെത്തി വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന്റെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ചിത്രീകരിച്ചതാണ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്.
എന്നാല്‍, റൂഹി വീഡിയോ ഡിലീറ്റ് ചെയ്യാൻ തയ്യാറായില്ല. വീഡിയോ ഡിലീറ്റ് ചെയ്യേണ്ടി വന്നാല്‍ താൻ മരിക്കുമെന്ന് റൂഹി പൊലീസിനോട് പറയുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. റീല്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നാല്‍ താൻ ആത്മഹത്യ ചെയ്യും, താൻ ഒരു പെണ്‍കുട്ടിയാണ്. തനിക്ക് ആരെയും പേടിയില്ലെന്നും എന്തും ചെയ്യാൻ കഴിയുമെന്നും റൂഹി വീഡിയോയില്‍ പറയുന്നുണ്ട്.
പിന്നീട്, റൂഹി ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ഭാഗം വിശദീകരിച്ചു. പൊലീസ് സ്റ്റേഷന് മുന്നില്‍ വീഡിയോ എടുത്താല്‍ ഇങ്ങനെയുണ്ടാകുമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും, പൊലീസ് വീഡിയോ പിൻവലിക്കാൻ നിർബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ ആവർത്തിച്ചു.

















