ചന്ദനത്തിരികളുടെ പുകയും മണവും സിഗരറ്റ് പുകയേക്കാൾ ദോഷകരമാകാമെന്ന് ശ്വാസകോശരോഗ വിദഗ്‌ദ്ധർ . ഒരു ചന്ദനത്തിരി കത്തിക്കുമ്ബോള്‍ ഉണ്ടാകുന്ന സൂക്ഷ്മകണികകള്‍ ഒരു സിഗരറ്റ് വലിക്കുമ്ബോള്‍ ഉണ്ടാകുന്നതിന് തുല്യമാണെന്ന് കാണിക്കുന്ന പഠനങ്ങളുണ്ട്. സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ അഗർവുഡ്, ചന്ദനം എന്നീ തിരികളില്‍ നടത്തിയ പഠനത്തില്‍, അഗർബത്തികള്‍ ദിവസേന ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം വരുത്തുമെന്ന് കണ്ടെത്തി. ഈ പുക മ്യൂട്ടജെനിക് (കോശതലത്തില്‍ ഡിഎൻഎ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു), ജെനോടോക്സിക് (കാൻസറിലേക്ക് നയിക്കുന്ന ജനിതക മാറ്റങ്ങള്‍ക്ക് കാരണമാകുന്നു), സൈറ്റോടോക്സിക് (കോശങ്ങളെ കൊല്ലുന്ന വിഷാംശം) എന്നീ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ഇവയില്‍ നിന്നും പുറത്തുവരുന്ന കാർബണെെലുകള്‍, ബെൻസീൻ, പോളിയരോമാറ്റിക് ഹെെഡ്രോകാർബണ്‍, കാർബണ്‍ മോണോക്സൈഡ് എന്നിവ വീടിനകത്തെ വായുവിനെ മലിനമാക്കുന്നു. പള്‍മണോളജിസ്റ്റിന്റെ അഭിപ്രായത്തില്‍ അഗർബത്തികളുടെ പുക ശ്വസിക്കുന്നത് പരോക്ഷമായ പുകവലിയ്‌ക്ക് തുല്യമാണ്.
ദിവസേന ചന്ദനത്തിരിയുടെ പുക ശ്വസിക്കുന്നത് ബ്രോങ്കൈറ്റിസ്, ആസ്ത്മ,ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) അല്ലെങ്കില്‍ ശ്വാസകോശാർബുദം എന്നിവയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു.അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ ജേണലില്‍ വന്ന മറ്റൊരു പഠനത്തില്‍, അഗർബത്തി പുകയുമായി ദീർഘനേരം സമ്ബർക്കം പുലർത്തുന്നത് ശ്വാസകോശ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പറയുന്നു.









