തമ്ബാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊന്ന സുഹൃത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ. 2022 മാര്‍ച്ച് അഞ്ചിനാണ് കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹൃത്തായിരുന്ന പ്രവീണ്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പ്രണയം നടിച്ച് ഗായത്രിയെ ശാരീരികമായി ഉപയോഗിച്ച ശേഷം ഒഴിവാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.
ഗായത്രിയെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് ലോഡ്ജ് മുറിയില്‍ കണ്ടെത്തിയത്. മുറിയില്‍ മറ്റാരുമുണ്ടായിരുന്നില്ല. തമ്ബാനൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ പ്രവീണുമായിട്ടാണ് ഗായത്രി മുറിയെടുത്തതെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്ലം പരവൂര്‍ സ്വദേശി പ്രവീണിനെ പോലീസ് പിടികൂടി. പിന്നീട് കൊലപാതകം തെളിഞ്ഞു.
പ്രവീണും ഗായത്രിയും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്ന പ്രവീണ്‍ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുപ്പത്തിലായത്. ഗായത്രിയെ ഇയാള്‍ പലവട്ടം ശാരീരികമായി ഉപയോഗിച്ചു. തിരുവനന്തപുരത്ത് ഒരു ആരാധാനയത്തില്‍കൊണ്ടുപോയി താലി കെട്ടി.
പിന്നീട് ഗായത്രിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അതിനായി ചെന്നൈയിലെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറി. ഇതിനോട് ഗായത്രിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ബന്ധത്തില്‍ നിന്ന് ഗായത്രി പിന്മാറില്ലെന്ന് മനസിലാക്കിയ പ്രവീണ്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ലോഡ്ജ് മുറിയിലേക്ക് സ്‌നേഹം നടിച്ചു കൊണ്ടുവന്ന് ഷാള്‍ കൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.

















