മലയാളി നഴ്സ് അയർലൻഡില്‍ നിര്യാതയായി. ഇടുക്കി തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍ (52) ആണ് മരിച്ചത്. അയർലൻഡിലെ ലോംഗ്ഫോർഡില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
എറണാകുളം അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമാണ് ഷാന്റി. ലോംഗ്ഫോർഡിലെ മിഡ്‌ലാൻസ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിക്കുകയായിരുന്നു. രണ്ട് വർഷത്തോളമായി കാൻസർ ബാധിതായി ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാവിലെ എട്ടു മണിയോടെ മുള്ളിംഗാർ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം.
ലോംഗ്ഫോർഡില്‍ എത്തും മുൻപ് താല ന്യൂ കാസിലിലായിരുന്നു ഷാന്റി പോള്‍ താമസിച്ചിരുന്നത്. ബ്യൂമോണ്ട് ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി ലോംഗ്ഫോർഡിലാണ് ഷാന്റിയും കുടുംബവും താമസിക്കുന്നത്. കോളജ് വിദ്യാർത്ഥികളായ എമില്‍, എവിൻ, അലാന എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട്.

















