പാലായിലെ ഇടതു കേന്ദ്രങ്ങളെയും പൊതുസമൂഹത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ജനതാദൾ നേതാവ് എസ്ഡിപിഐയിൽ അംഗത്വം എടുത്തു. ഇടതുമുന്നണിയുടെ കൺവീനർ കൂടിയായ സിബി തോട്ടുപുറമാണ് എസ്ഡിപിഐയിലേക്ക് ചേക്കേറിയത്. എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ അഷ്റഫ് മൗലവി നേരിട്ടാണ് തോട്ടുപുറത്തിന് അംഗത്വം കൈമാറിയത്.
ക്രൈസ്തവ കേന്ദ്രത്തിൽ നിന്നുള്ള പ്രമുഖ ഇടതു നേതാവിന്റെ എസ്ഡിപിഐ കൂടുമാറ്റം രാഷ്ട്രീയ രംഗത്തെ മാത്രമല്ല പൊതുസമൂഹത്തെ പോലും പാലായിൽ അമ്പരപ്പിച്ചിരിക്കുകയാണ്. ഇടതുമുന്നണിയിൽ തനിക്കുണ്ടായ ദുരാനുഭവങ്ങളാണ് എസ്ഡിപിഐയിലേക്ക് ചുവട് മാറാൻ പ്രേരിപ്പിച്ചതെന്ന് തോട്ടുപുറം അടുപ്പക്കാരോട് വ്യക്തമാക്കി. സിബി നടത്തിയ നീക്കത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്നുള്ള അമ്പരപ്പിലാണ് ഇടതുമുന്നണിയും.
നിരവധി മലയാള സിനിമകളുടെ നിർമാതാവ് കൂടിയാണ് സിബി തോട്ടുപുറം. ആസിഫ് അലി ഭാവന ചിത്രം ഹണീബി 2 ആണ് അദ്ദേഹത്തിൻറെ ഏറ്റവും വിജയം നേടിയ നിർമ്മാണ ഉദ്യമം. ഫഹദ് ഫാസിൽ നായിക വേഷത്തിൽ എത്തിയ കാർബണായിരുന്നു അവസാനമായി നിർമ്മിച്ച സിനിമ.

















