ബിജെപി നേതാവും കൗണ്‍സിലറുമായ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. അനില്‍ പ്രസിഡന്റായ ഫാം ടൂർ സഹകരണസംഘത്തിന്റെ സാമ്ബത്തിക പ്രതിസന്ധി കത്തില്‍ വിവരിക്കുന്നു. നമ്മുടെ ആള്‍ക്കാരെ സഹായിച്ചുവെന്നും അവർ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കല്‍ മുടക്കുന്നുവെന്നും കത്തില്‍ പരാമർശമുണ്ട്.
‘തന്‍റെ ഭാഗത്തു നിന്നും ഒരു സാമ്ബത്തികബാധ്യതയും വന്നിട്ടില്ല. ബിനാമി വായ്പകള്‍ നല്‍കിയിട്ടില്ല. എല്ലാ സംലത്തിലുമുള്ള പോലെ പ്രതിസന്ധിയുണ്ട്. നിക്ഷേപകർ കൂട്ടത്തോടെ എത്തുന്നു. പിരിഞ്ഞു കിട്ടാൻ ധാരാളം പണമുണ്ട്. നമ്മള്‍ നിരവധിപേരെ സഹായിച്ചു. മാനസികമായ സമ്മർദ്ദമുണ്ട്. എൻ്റെ പ്രസ്ഥാനത്തെയോ പ്രവർത്തകരെയോ ഹനിച്ചിട്ടില്ല. സഹകൗണ്‍സിലർമാർ സഹകരിച്ചു. കുടുംബത്തെ വേട്ടയാടരുത്. നമ്മുടെ ആള്‍ക്കാരെ സഹായിച്ചിട്ടും പല കാരണത്താല്‍ അവരുടെ തിരച്ചടവ് വൈകുന്നുവെന്നും കത്തില്‍ പറയുന്നു.

അനില്‍കുമാറിന്‍റെ മരണത്തില്‍ സിപിഎം ബിജെപി നേതൃത്വത്തെ പഴിക്കുമ്ബോള്‍ പൊലീസിനെതിരെയാണ് ബിജെപിയുടെ ആരോപണം. പൊലീസിനെ ഉപയോഗിച്ച് സിപിഎം അനില്‍കുമാറിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. നിക്ഷേപകരോട പാർട്ടി നേതാക്കള്‍ തന്നെ നേരിട്ട് കണ്ടു സാവകാശം തേടിയിരുന്നതാണെന്നും നേതൃത്വം പറയുന്നു. സിപിഎം മുട്ടത്തറ വാർഡ് കൗണ്‍സിലർ അഴിമതിയില്‍ കുരുങ്ങിയപ്പോള്‍ പൊലീസിനെ ഉപയോഗിച്ച് അനിലിനെ കുരുക്കാൻ നോക്കിയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കരമന ജയൻ ആരോപിച്ചു. പണം ഇന്നലെ എത്തിച്ചില്ലെങ്കില്‍ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിജെപി ആരോപിക്കുന്നു. എന്നാല്‍ അനില്‍കുമാറിനെതിരെ കേസെടുത്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് തമ്ബാനൂർ പൊലീസിന്‍റെ വിശദീകരണം.

















