കെ.എസ്.യു മുൻ ജില്ലാ വൈസ് പ്രസിഡന്റും ചേർത്തല കഞ്ഞിക്കുഴിലെ യൂത്ത് കോൺഗ്രസ്സ് നേതാവുമായ വിവേക് പ്രകാശിന്റെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന ചെറുപ്പക്കാർ കോൺഗ്രസ്സ് വിടാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. ചേർത്തല കഞ്ഞിക്കുഴിയിൽ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. യുവ നേതാവിന്റെ നേതൃത്വത്തിൽ 30 ഓളം പ്രവർത്തകരാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ എട്ടാം വാർഡ് സ്ഥാനാർത്ഥി ആയിരുന്ന വിവേകിനെ മുതിർന്ന നേതാവ് കാലു വാരിയതോടെയാണ് ഭിന്നതകൾ ആരംഭിക്കുന്നത്. പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉണ്ടായ ചതിപ്രയോഗം മൂലം നിസ്സാര വോട്ടുകൾക്ക് ഈ യുവാവ് പരാജയപ്പെടുകയായിരുന്നു. ഇതേ തുടർന്ന് മുതിർന്ന നേതാക്കളും യുവജന വിഭാഗവും തമ്മിൽ വലിയ അന്തചിദ്രം നിലനിൽക്കുന്നുണ്ട്. ജില്ലാ നേതൃത്വമടക്കം പ്രശ്നത്തിൽ ഇടപെടുവാനും പരിഹാരം കാണുവാനും ശ്രമിച്ചില്ല എന്ന ആക്ഷേപവും യുവാക്കൾക്ക് ഉണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെയും പരാജയപ്പെടുത്താനായി പാർട്ടിക്കുള്ളിലെ ഒരു മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചെന്ന് ചൂണ്ടി കാണിച്ച് പല പ്രവർത്തകരും നേതൃത്വത്തോട് പരാതിപെട്ടിരുന്നു. ആരോപണ വിധേയരായ ചില മുതിർന്ന നേതാക്കളുടെ സാമ്പത്തിക വളർച്ചയെ കുറിച്ചും പ്രവർത്തകർക്കിടയിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കഞ്ഞിക്കുഴിയിലെ വിവാദങ്ങൾ കോൺഗ്രസിന് പ്രതിസന്ധി ആകുകയാണ്.
















