സമീപകാലത്തെ ഏറ്റവും വലിയ ഭൂമി വില്‍പ്പനയ്ക്ക് സാക്ഷിയായി ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദ്. ലുലു ഗ്രൂപ്പിന്റെ അഹമ്മദാബാദ് പ്രൊജക്ടിന് വേണ്ടിയാണ് ഇത്രയും വലിയ ഇടപാട് നടന്നത്. ഈ ഇടപാടിന്റെ ഭാഗമായി ഒറ്റ വില്‍പ്പന കരാറിലൂടെ മുദ്രപത്ര (സ്റ്റാമ്ബ് ഡ്യൂട്ടി) വരുമാനത്തിന് പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെടുകയും ചെയ്തെന്നും ഗുജറാത്ത് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ചന്ദ്ഖേഡയിലെ 66,168 ചതുരശ്ര മീറ്റർ (ഏകദേശം 15.6 ഏക്കർ) ഭൂമി ലുലു ഇന്റർനാഷണല്‍ ഷോപ്പിംഗ് മോള്‍സ് പ്രൈവറ്റ് ലിമിറ്റഡിന് 519.41 കോടി രൂപയ്ക്കാണ് കോർപ്പറേഷന്‍ കൈമാറിയത്. ഇടപാടിലൂടെ സ്റ്റാമ്ബ് ഡ്യൂട്ടി ഇനത്തില്‍ മാത്രം സർക്കാറിലേക്ക് ഏകദേശം 31 കോടി രൂപയാണ് എത്തിയത്. അഹമ്മദാബാദ് ജില്ലാ കളക്ടറുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന സബർമതി സബ്-രജിസ്ട്രാർ ഓഫീസില്‍ വെച്ചായിരുന്നു രജിസ്ട്രേഷന്‍.ഇടപാട് തുകയുടെയും സ്റ്റാമ്ബ് ഡ്യൂട്ടി പിരിവിന്റെയും കാര്യത്തില്‍ അഹമ്മദാബാദ് നഗരത്തില്‍ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഉയർന്ന മൂല്യമുള്ള ഭൂമി വില്‍പ്പനയാണ് ഇതെന്ന് സബ്-രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“മുൻകാലങ്ങളില്‍, അഹമ്മദാബാദ് നഗരത്തില്‍ 300 കോടി മുതല്‍ 400 കോടി രൂപ വരെ വിലയുള്ള വില്‍പ്പന രേഖകള്‍ രജിസ്റ്റർ ചെയ്തിരുന്നു, എന്നാല്‍ 500 കോടി രൂപയില്‍ കൂടുതലുള്ള ഭൂമി ഇടപാടിനുള്ള രേഖ ഒരിക്കലും നടന്നിട്ടില്ല. ഈ വില്‍പ്പന യിലൂടെ സ്റ്റാമ്ബ് ഡ്യൂട്ടി ഇനത്തില്‍ 31 കോടി രൂപയുടെ വരുമാനം നേടിത്തന്നു”. സംസ്ഥാന റവന്യൂ വകുപ്പിലെ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

നഗരത്തിന്റെ വടക്കൻ, പടിഞ്ഞാറൻ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന വാണിജ്യ ഇടനാഴിയായ ചന്ദ്ഖേഡയിലെ എസ്പി റിംഗ് റോഡില്‍ സ്ഥിതി ചെയ്യുന്ന പ്ലോട്ട്, 2024 ജൂണ്‍ 18 ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോർപ്പറേഷൻ (എഎംസി) ആദ്യം ഓണ്‍ലൈൻ ലേലത്തിന് വച്ചിരുന്നു. ഒടുവില്‍ ചതുരശ്ര മീറ്ററിന് 78500 എന്ന നിരക്കില്‍ പ്ലോട്ട് ലുലു ഇന്റർനാഷണല്‍ സ്വന്തമാക്കി. ലുലു ഗ്രൂപ്പിന്റെ മാള്‍ അടക്കമുള്ള പദ്ധതികള്‍ ഇവിടെ വരും.

ഭൂമി ലേലം നേരത്തെ തന്നെ കഴിഞ്ഞിരുന്നുവെങ്കിലും കൈവശാവകാശ വെല്ലുവിളികള്‍ കാരണം വില്‍പ്പന രേഖ നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിട്ടു. 55496 ചതുരശ്ര മീറ്റർ ഭൂമി മാത്രമായിരുന്നു എഎംസി നിയമപരമായി കൈവശം വച്ചിരുന്നത്. ബാക്കിയുള്ള 10672 ചതുരശ്ര മീറ്റർ ഭൂമി കൃഷിയിടമായിരുന്നു. ചട്ടങ്ങള്‍ പ്രകാരം, ടൗണ്‍ പ്ലാനിംഗ് സ്കീമിന് പ്രാഥമിക അംഗീകാരം ലഭിക്കുന്നതുവരെ മുനിസിപ്പാലിറ്റിക്ക് ഈ ഭാഗം നിയമപരമായി കൈമാറാൻ കഴിയില്ലായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് ഏതാണ് ആറ് മാസത്തോളം സമയം എടുത്തത്.തുടക്കത്തില്‍ ലുലു ഭൂമി ലീസിന് എടുക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് കമ്ബനി എ എം സിയോട് ഭൂമി സ്വന്തമായി വാങ്ങാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു. ഇതോടെ റെസിഡൻഷ്യല്‍ അല്ലെങ്കില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി നിശ്ചയിച്ച ഭൂമി മുമ്ബ് 99 വർഷത്തെ ലീസിന് മാത്രമേ അനുവദിച്ചിരുന്നുള്ളൂ എന്ന നയം എ എം സി ഭേദഗതി ചെയ്യുകയും അത്തരം ഭൂമികള്‍ വില്‍ക്കാന്‍ അംഗീകാരം നല്‍കുകയും ചെയ്തു.

നഗരത്തിലേക്ക് വലിയ നിക്ഷേപം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരമൊരു നീക്കം.മികച്ച കണക്റ്റിവിറ്റി, ഹൈവേകളിലേക്കുള്ള സാമീപ്യം, ഉയർന്ന വാണിജ്യ സാധ്യതകള്‍ എന്നിവ കാരണം എസ്.പി. റിംഗ് റോഡ് പോലുള്ള പ്രദേശങ്ങള്‍ പ്രധാന ഡെവലപ്പർമാരെ കൂടുതല്‍ ആകർഷിക്കുന്നതായപമ വിദഗ്ദ്ധർ പറയുന്നു. “വലിയ തോതിലുള്ള വാണിജ്യ വികസനത്തിനായി ചന്ദ്ഖേഡ പോലുള്ള പ്രധാന സ്ഥലങ്ങളുടെ ആകർഷണീയത ഈ ഇടപാടിന്റെ വിജയം അടിവരയിടുന്നു. വരും വർഷങ്ങളില്‍ ഈ ഇടനാഴിയില്‍ കൂടുതല്‍ ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കാം ഇവിടം ഒരു വാണിജ്യ കേന്ദ്രമെന്ന നിലയില്‍ അഹമ്മദാബാദിന്റെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തും.” ഒരു റിയല്‍ എസ്റ്റേറ്റ് വിശകലന വിദഗ്ധൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക