മാതൃഭൂമിയുടെ തലപ്പത്ത് എം.വി. ശ്രേയാംസ് കുമാർ എത്തിയശേഷം ചാനല്‍ വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞുപോയി എന്ന് സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിവാദസംപ്രേഷണങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പണിക്കർ വിമർശനം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം പിറന്നാള്‍ ദിനത്തില്‍ മാതൃഭൂമി ടിവി സംപ്രേഷണം ചെയ്ത ‘മോദി@75’ പരിപാടി, ആശംസകള്‍ക്കുപകരം രാഷ്‌ട്രീയ വിമർശനങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനപ്രീതി കുറഞ്ഞു, വിലക്കയറ്റം വർധിച്ചു, അസമത്വം കൂടിയതോടെ ജീവിത നിലവാരം താഴ്ന്നു, പട്ടിണി സൂചിക, സന്തോഷ സൂചിക, മാധ്യമസ്വാതന്ത്ര്യ സൂചികകളില്‍ ഇന്ത്യ പിന്നിലായി, ഭരണഘടനാ സ്ഥാപനങ്ങള്‍ ദുര്‍ബലമായി തുടങ്ങിയ പരാമർശങ്ങള്‍ മാത്രമായിരുന്നു ആ പരിപാടിയിലുണ്ടായതെന്ന് പണിക്കർ പറഞ്ഞു. ഇതിന് മറുപടി രൂപത്തിലാണ് ശ്രേയാംസ് കുമാറിന് പിറന്നാള്‍ ആശംസകള്‍ എന്നതരത്തില്‍ അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുന്നു. പണിക്കറുടെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ബഹു. ശ്രേയാംസ് കുമാറിന് പിറന്നാള്‍ ആശംസകള്‍. താങ്കള്‍ മാതൃഭൂമിയുടെ തലപ്പത്ത് എത്തിയശേഷം മാതൃഭൂമി വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞിട്ടുണ്ട്. റഷ്യ-യുക്രൈൻ യുദ്ധമെന്ന പേരില്‍ ഏതോ വിഡിയോ ഗെയിമിന്റെ ദൃശ്യങ്ങള്‍ കാണിച്ച്‌ പ്രേക്ഷകരെ മണ്ടന്മാരാക്കാൻ ശ്രമിച്ചത് നമ്മുടെ ദൃശ്യമാധ്യമ ചരിത്രത്തിലെ ഏറ്റവും അപഹാസ്യമായ സംഭവം ആയിരുന്നു.ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ പേര് എസ്‌എംഎസ് അയച്ചാല്‍ ഐസ്‌ക്രീം സമ്മാനം എന്നറിയിച്ച സ്ഥാപനത്തിന്റെ മനുഷ്യത്വരാഹിത്യം നാട്ടുകാർ കണ്ടറിഞ്ഞു.സ്റ്റീവ് ജോബ്‌സിന്റെ ഭാര്യക്ക് അലർജി ഉണ്ടായപ്പോള്‍, കുംഭമേളയിലെ തിരക്കില്‍ അവർ കുഴഞ്ഞുവീണുവെന്ന തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചവർക്ക് എന്ത് കുംഭമേള, ഏത് സ്റ്റീവ് ജോബ്‌സ്, എന്തിന്റെ ധാർമികത!

ജി.എൻ. സായിബാബക്കെതിരെ സുപ്രീംകോടതി വിധി വന്നപ്പോള്‍ ഷിർദി സായിബാബയുടെ ദൃശ്യങ്ങളും ഭക്തിഗാന ആല്‍ബവും പ്രദർശിപ്പിച്ചവർക്ക് എന്ത് ഷിർദി, ഏത് ബാബ, എന്തിന്റെ പൊതുവിജ്ഞാനം!അഞ്ചരക്കൊല്ലം മുൻപത്തെ നിയമസഭ രേഖയെ ബ്രേക്കിങ് ന്യൂസെന്നു കാട്ടി വാർത്ത കൊടുത്തവർ ജനങ്ങളുടെ സാമാന്യബോധത്തെയാണു വെല്ലുവിളിച്ചത്.ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ മീററ്റിനെ മുസ്ലിം ഭൂരിപക്ഷ മണ്ഡലമാക്കിയവർക്ക് ഡെമോഗ്രഫി എന്താണെന്ന് അറിയില്ലെന്നും വ്യക്തമായി.

ട്വിറ്ററിനെ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കുമെന്ന് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍, ആപ്പിള്‍ ട്വിറ്ററിനെ ബ്ലോക്ക് ചെയ്‌തുവെന്ന തലക്കെട്ട് നല്‍കിയവർക്ക് ഐ.ടി വാർത്തകളെക്കുറിച്ചും ഇംഗ്ലീഷിനെക്കുറിച്ചും ധാരണയില്ലെന്ന് തെളിഞ്ഞു.ഇന്ത്യൻ ഹോക്കി ടീമിന് ‘അഭിനന്ദങ്ങള്‍’ കൊടുത്ത് പോസ്റ്റർ ചെയ്തവൻക്ക് മലയാളം പോലും അറിയില്ലെന്ന് തെളിഞ്ഞു.പിന്നെ ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ റിപ്പോർട്ടിങ്ങും.ഓ, യാ! അങ്ങേയ്‌ക്ക് ഒരിക്കല്‍ കൂടി പിറന്നാള്‍ ആശംസകള്‍!”പണിക്കറുടെ ഈ കർശനവിമർശന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചർച്ചയാകുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക