തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രന് ലണ്ടനില്‍ ലഭിച്ച പുരസ്കാരത്തെച്ചൊല്ലി വിവാദം കത്തുന്നു. വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് പുരസ്കാരം യുകെ പാർലമെന്റില്‍ നടന്ന ചടങ്ങില്‍വെച്ച്‌ ഏറ്റുവാങ്ങിയെന്ന് ആര്യ തന്നെയാണ് ഫേസ്ബുക്കില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്. എന്നാല്‍, ഈ പുരസ്കാരത്തിന് ബ്രിട്ടീഷ് പാർലമെന്റുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് തട്ടിക്കൂട്ട് സംഘടന നല്‍കുന്ന പുരസ്കാരമാണെന്നും വിമർശനം ഉയരുന്നുണ്ട്.

യുകെ പാർലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലെ ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം നടന്നത്. സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വാടകയ്ക്ക് കൊടുക്കാറുള്ള ഹാളാണെന്നും നെറ്റിസണ്‍സ് ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ഈ പുരസ്കാരത്തിന് ബ്രിട്ടീഷ് പാർലമെന്റുമായി യാതൊരു ബന്ധവുമില്ലെന്നും മലയാളികളെ തിരുവനന്തപുരം മേയർ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നുമാണ് ഉയരുന്ന വിമർശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവാർഡ് വാങ്ങാൻ ലണ്ടനില്‍ പോകാൻ സംസ്ഥാന സർക്കാർ ആര്യക്ക് അനുമതി നല്‍കിയിരുന്നു. നഗരസഭയുടെ ചെലവിലായിരുന്നു ആര്യയുടെ യാത്ര. ബ്രിട്ടിഷ് പാർലമെന്റില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനു വിമാനയാത്രയ്ക്ക് അനുമതി നല്‍കിയും യാത്രാച്ചെലവ് നഗരസഭയുടെ തനതുഫണ്ടില്‍നിന്നു ചെലവഴിക്കാൻ അനുമതി നല്‍കിയും ആയിരുന്നു സർക്കാർ ഉത്തരവ്. ‘തിരുവനന്തപുരം നഗരസഭ നടപ്പാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങള്‍ക്ക് യുകെ പാർലമെന്റില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ്, മേയർ എന്ന നിലയില്‍ ഞാൻ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും ഈ പുരസ്‌കാരം സമർപ്പിക്കുന്നു’ പുരസ്‌കാരം ഏറ്റുവാങ്ങിയ ചിത്രം സഹിതം ആര്യ രാജേന്ദ്രൻ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിനു പിന്നാലെ മന്ത്രിമാരും സിപിഎം നേതാക്കളും പ്രവർത്തകരും സമൂഹമാധ്യമങ്ങളില്‍ ആര്യയെ അഭിനന്ദിച്ച്‌ കുറിപ്പുകള്‍ എഴുതി.

ലണ്ടനിലെ ‘വേള്‍ഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്’ എന്ന സംഘടനയാണ് ആര്യ രാജേന്ദ്രനു പുരസ്‌കാരം നല്‍കിയത്. കിട്ടിയ സർട്ടിഫിക്കറ്റില്‍ ‘ആര്യ രാജേന്ദ്രൻ, സിപിഎം’ എന്നാണ് എഴുതിയിരിക്കുന്നത്.സിപിഎം നേതാക്കളും പ്രവർത്തകരും ആര്യയെ അഭിനന്ദന പോസ്റ്റുകള്‍ കൊണ്ട് മൂടുമ്ബോള്‍ പണം കൊടുത്താണ് അവാർഡ് വാങ്ങിയത് എന്നാണ് എതിരാളികളുടെ ആരോപണം. മധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നും ഇവർക്ക് ബിജെപി ബന്ധമുണ്ടെന്നും വരെ ആരോപണമുയർന്നിട്ടുണ്ട്. സന്തോഷ് ശുക്ല എന്ന വ്യക്തിയാണ് സിഇഒ. ഇന്ത്യൻ സംഘടന യുകെയില്‍ നല്‍കിയ അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ നഗരസഭയുടെ ചെലവില്‍ യാത്ര നടത്തിയത് എന്തിനെന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നുണ്ട്. പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 9ന് ആറായിരത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ സീഡ് ബോള്‍ ക്യാംപെയിന്റെ ഭാഗമായി നഗരസഭയ്ക്ക് കിട്ടിയ വേള്‍ഡ് ബുക്ക് ഓഫ് റെക്കോർഡ് സ്വീകരിക്കാനാണ് മേയർക്ക് യാത്രാനുമതി നല്‍കിയത്. വിവാദത്തില്‍ പ്രതികരിക്കാൻ ആര്യയോ സിപിഎം നേതാക്കളോ തയ്യാറായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക