നിയമസഭയിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ‘മാസ് എന്‍ട്രി’യില്‍ കോണ്‍ഗ്രസില്‍ പുകച്ചില്‍. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പിന്തുണച്ചതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരസ്യ നിലപാടിനെ തള്ളി മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വിശ്വസ്‌തരെ കൂട്ടി നിയമസഭയിലെത്തി കരുത്തുകാണിച്ചു മടങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫിയും ചേര്‍ന്നു നടത്തിയത് ‘ഓപ്പറേഷന്‍ ഓപ്പോസിഷന്‍’ എന്നാണ് കോണ്‍ഗ്രസിനുള്ളിലെ അടക്കംപറച്ചില്‍. ഷാഫി പറമ്ബില്‍ ഇറങ്ങിക്കളിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു വി.ഡി. സതീശന്‍ പക്ഷം കരുതുന്നുണ്ട്. സഭയിലെത്തിയ രാഹുല്‍ കുറച്ചു നേരം അവിടെ ഇരുന്നശേഷം എംഎല്‍.എ. ഹോസ്‌റ്റലിലും പോയി.
സതീശനെയും രമേശ് ചെന്നിത്തലയെയും നിശബ്‌ദരാക്കി സംഘടനയിലും പ്രതിപക്ഷത്തും മേല്‍ക്കൈ ഉറപ്പിക്കുക എന്ന തന്ത്രം പയറ്റിയതു സണ്ണി ജോസഫിന്റെ അറിവോടെയെന്നും സൂചനയുണ്ട്. ഫലത്തില്‍ ഭരണപക്ഷത്തിനെതിരേ ആഞ്ഞടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ വി.ഡി. സതീശന്‍ പ്രതിരോധത്തിലായി എന്നു മാത്രമല്ല പാളയത്തിലെ പടയെ എങ്ങനെ തുരത്തുമെന്നറിയാതെ നില്‍ക്കുകയുമാണ്. സൈബര്‍ ഇടങ്ങള്‍ വഴിയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും സതീശനും രമേശിനും ആകുന്നില്ല.
സൈബര്‍ ആക്രമണം ശക്‌തമായതോടെ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ ഒറ്റ തിരിഞ്ഞും വ്യക്‌തിപരമായും ആക്രമിക്കുന്നു, സൈബര്‍ ആക്രമണത്തില്‍ കെ.പി.സി.സി. സൈബര്‍ സെല്ലിലെ ഉന്നതര്‍ക്കു പങ്കുണ്ട്, പരാതിയില്‍ അടിയന്തര നടപടിയുണ്ടാകണം, തനിക്കെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൂന്ന് അനുയായികളാണ്, തനിക്കെതിരായ ആരോപണങ്ങളില്‍ കെ.പി.സി.സി. നേതൃത്വമോ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ ദീപാ ദാസ് മുന്‍ഷിയോ കെ.സി. വേണുഗോപാലോ ഇതുവരെ പ്രതികരിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ സതീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയതായാണ് സൂചന.
4000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിശദവിവരങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് സതീശന്‍ പരാതി നല്‍കിയിട്ടുള്ളത്.

















