തൃശൂരിലെ ലുലു മാള്‍ പദ്ധതിക്കായി ഭൂമി തരം മാറ്റിയ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ (ആർഡിഒ) ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രാദേശിക സിപിഐ നേതാവ് ടി.എൻ.മുകുന്ദൻ നല്‍കിയ ഹർജിയെ തുടർന്നാണ് കോടതിയുടെ ഈ വിധി. ലുലു ഗ്രൂപ്പിന്റെ ഭൂമി തരം മാറ്റാനുള്ള അപേക്ഷ വീണ്ടും പരിഗണിക്കാൻ ആർഡിഒയ്ക്ക് ഹൈക്കോടതി നിർദേശം നല്‍കി. ഭൂമി തരംമാറ്റാനുള്ള ലുലു ഗ്രൂപ്പിന്റെ അപേക്ഷ വീണ്ടും പരിഗണിച്ച് നാല് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.
ചട്ടപ്രകാരം ഭൂമി പരിശോധിച്ച് കൃഷി ഓഫീസർ നല്‍കുന്ന റിപ്പോർട്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രത്തില്‍ നിന്ന് ആധികാരികമായ റിപ്പോർട്ട് തേടണമെന്നും കോടതി വ്യക്തമാക്കി. അപേക്ഷയില്‍ നാല് മാസത്തിനകം ആർഡിഒ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ ഭൂമി തരം മാറ്റത്തിനായി ലുലു ഗ്രൂപ്പ് അടച്ച ഫീസ് തിരികെ നല്‍കണമെന്നും കോടതി നിർദേശിച്ചു.
ഈ വിധി ലുലു മാള്‍ പദ്ധതിയുടെ ഭാവിയെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അതിനിടെ തൃശൂരിലെ ലുലുമാള്‍ വിവാദത്തില്‍ ഒടുവില്‍ വ്യക്തമായ നിലപാടെടുത്ത് സിപിഐ നേതൃത്വം രംഗത്തെത്തി. മാള്‍ വരുന്നത് നിലം നികത്തിയ ഭൂമിയിലെന്ന് ഹർജി നല്‍കിയ പ്രാദേശിക നേതാവ് ടി എൻ മുകുന്ദന് പാർട്ടി പൂർണ പിന്തുണ പ്രഖ്യാപിച്ചു. യൂസഫലിയുടെ ആരോപണത്തില്‍ കഴമ്ബില്ലെന്നും നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ വെള്ളം ചേർക്കാനാവില്ലെന്നും സി പി ഐ സംസ്ഥാന കൗണ്‍സില്‍ വ്യക്തമാക്കി.

















