നവജാത ശിശുവിന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനായി കരകവിഞ്ഞൊഴുകുന്ന നദി ധൈര്യത്തോടെ മുറിച്ചുകടക്കുന്ന നഴ്സിന്റെ വീഡിയോ ഇന്റർനെറ്റില്‍ വൈറലായി.ഹിമാചല്‍ പ്രദേശിലാണ് സംഭവം. കുത്തിവെയ്പ് എടുക്കാനുള്ള കുഞ്ഞിന്റെ അടുക്കല്‍ എത്താനായി സ്വന്തം ജീവൻ പണയപ്പെടുത്തി കരകവിഞ്ഞൊഴുകുന്ന നദിക്ക് മുകളിലൂടെ ചാടുന്ന വീഡിയോയാണ് വൈറലായത്.
ആരോഗ്യ പ്രവർത്തകയായ കമല ദേവിയുടെ ദൃശ്യങ്ങളാണ് ഇന്റർനെറ്റില്‍ പ്രചരിക്കുന്നത്. ഒരു കൈയില്‍ ഷൂസും തോളില്‍ ബാക്ക്‌പാക്കും പിടിച്ച് ഒരു പാറയില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
‘കാലാവസ്ഥ കാരണം അമ്മയ്ക്ക് പ്രതിരോധ കുത്തിവയ്പ്പിനായി വരാൻ കഴിഞ്ഞില്ല. അതിനാല്‍ എനിക്ക് അവരുടെ അടുത്തേക്ക് പോകണമായിരുന്നു’ സംഭവത്തെ പറ്റി കമലാദേവി പ്രതികരിച്ചു. പധാർ തെഹ്‌സിലിലെ സുധാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയാണ് കമല ദേവി.കമലാ ദേവിയുടെ ധീരതയെ പ്രശംസിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തു. ആരോഗ്യ പ്രവർത്തകർക്ക് ജീവൻ അപകടത്തിലാക്കേണ്ടിവരാതിരിക്കാൻ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും ആളുകള്‍ വീഡിയോയിക്കടിയില്‍ അഭിപ്രായമുണ്ട്.

















