വീട് പണയത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും പണംതട്ടിയ സംഭവത്തില്‍ രണ്ടുപേർ പിടിയില്‍.കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടില്‍ മെർലിൻ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അല്‍ ഹിന്ദ് വീട്ടില്‍ നിസാർ (38) എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് നഗരത്തില്‍ വിവിധയിടങ്ങളില്‍ വീട് വാടകയ്ക്കെടുത്ത് ഉടമയറിയാതെ പണയത്തിന് മറിച്ചുനല്‍കുന്നതായിരുന്നു ഇവരുടെ രീതി. ഇതിനിടെ ഒരു വീട് കാണിച്ച്‌ മൂന്നു യുവതികളില്‍ നിന്നും പണം വാങ്ങിയതോടെയാണ് ഇവർക്ക് പണികിട്ടിയത്. യുവതികളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷിച്ച നടക്കാവ് പൊലീസാണ് മെർലിനെയും നിസാറിനെയും അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2024 ഏപ്രിലില്‍ പ്രതികള്‍ വാടകയ്ക്ക് എടുത്ത വീട് സ്വന്തം വീടാണെന്നു പറഞ്ഞാണ് മൂന്നു യുവതികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഈ വീട് പണയത്തിന് നല്‍കുന്നതിനായി തിരുവനന്തപുരം സ്വദേശിനിയില്‍നിന്ന് 25 ലക്ഷം രൂപയും മേരി എന്ന യുവതിയില്‍നിന്ന് 2.80 ലക്ഷം രൂപയും ശ്രുതി എന്ന യുവതിയില്‍നിന്ന് ഏഴു ലക്ഷം രൂപയും വാങ്ങി. പറ്റിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ യുവതികള്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് പ്രതികള്‍ നിരവധി പേരെ സമാന രീതിയില്‍ പറ്റിച്ചിട്ടുണ്ടെന്നു കണ്ടെത്തിയത്. കോഴിക്കോട് നടക്കാവ്, ചേവായൂർ, എലത്തൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളില്‍ പ്രതികള്‍ വീട് വാടകയ്ക്ക് എടുക്കുകയും ഇത് ഉടമ അറിയാതെ മറ്റുള്ളവർക്ക് വലിയ തുകയ്ക്ക് പണയത്തിന് കൊടുക്കുകയും ചെയ്യുന്നതായിരുന്നു രീതി. പ്രതികള്‍ രണ്ടോ മൂന്നോ മാസം വീടിന് വാടക നല്‍കിയശേഷം മുങ്ങുന്നതിനാല്‍ വീട്ടുടമസ്ഥരും പണയത്തിനെടുത്തവരും പ്രാഥമികഘട്ടത്തില്‍ തട്ടിപ്പ് മനസ്സിലാക്കാതെ പോയി.

ഉടമസ്ഥരില്‍ നിന്ന് വീട് വാടകയ്ക്ക് വാങ്ങിയ ശേഷം മറ്റുള്ളവർക്ക് ഇതേ വീട് ലീസിന് നല്‍കി നടത്തിവന്ന തട്ടിപ്പിലൂടെ പ്രതികള്‍ കോടികള്‍ നേടിയിട്ടുണ്ടാകാമെന്ന സംശയമാണ് ഉയരുന്നത്. മെർലിനെതിരെ സാമ്ബത്തിക തട്ടിപ്പ് സൂചന ലഭിച്ചതോടെ നിരവധി പേരാണു പൊലീസില്‍ പരാതിയുമായി എത്തിയത്. പറ്റിക്കപ്പെടുന്നവരുടെ വിശ്വാസം പിടിച്ചുപറ്റി സാധാരണയിലും കുറഞ്ഞ തുകയ്ക്ക് വീട് ലീസിന് നല്‍കുന്നതിനാല്‍ അതിവേഗം തട്ടിപ്പ് നടത്തി മുങ്ങാൻ പ്രതികള്‍ക്ക് സാധിച്ചിരുന്നു.

വീടുകള്‍ക്ക് മൂന്ന് മാസം വരെ മുൻകൂറായി വാടക നല്‍കുന്നതിനാല്‍ പിന്നീട് വാടക മുടങ്ങുമ്ബോള്‍ മാത്രമാണ് വീട്ടുടമകള്‍ ഇവരെ അന്വേഷിച്ച്‌ എത്താറുണ്ടായിരുന്നത്. വാടകയില്ലാതെ വീടിന്റെ സൗകര്യവും മറ്റും വിലയിരുത്തി നിശ്ചിത തുക ലീസിന് നല്‍കുന്ന രീതി നഗരത്തിലുണ്ട്. എല്ലാ മാസവും വാടക നല്‍കാതെ ലീസ് എഗ്രിമെൻറ് തീരുന്ന കാലാവധിയില്‍ ഈ പണം തിരികെ കിട്ടുന്നതിനാലാണ് പലരും ഈ രീതി അവലംബിക്കുന്നത്. ആ സാഹചര്യം മുതലാക്കിയാണ് മെർലിൻ പലരില്‍നിന്നു പണം വാങ്ങി തട്ടിപ്പു നടത്തിവന്നത്. പുതുതായി വീട് നിർമിക്കുന്നവരോടു വീടിന്റെ നിർമാണ ജോലികള്‍ ചെയ്തുതരാം എന്നു പറഞ്ഞും പ്രതികള്‍ പലരില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

യുവതികളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പക്ടർ ലീല, എസ്‌സിപിഒ ബൈജു, സിപിഒമാരായ അരുണ്‍, ഐശ്വര്യ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഇരുവരെയും പിടികൂടിയത്. പാലക്കാട് നിന്നാണ് മെർലിൻ ഡേവിസിനെ അറസ്റ്റ് ചെയ്തത്. നിസാറിനെ നടക്കാവ് നിന്നുതന്നെ പിടികൂടാനായി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക