യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് രാത്രി ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി.
സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്തു. മാര്‍ച്ചില്‍ പങ്കെടുത്ത സി കൃഷ്ണകുമാറിനെയും പൊലീസ് തടഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുദ്രാവാക്യം മുഴക്കിയും രാജി ആവശ്യപ്പെട്ടുമായിരുന്നു മാര്‍ച്ച്.
അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിന്നീട് പൊലീസ് സ്റ്റേഷനിലേക്കും ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.യുവ നടിയുടെ ആരോപണം ആര്‍ക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാമെന്നും ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ പറഞ്ഞു. ഹൂ കെയേഴ്സ് എന്ന് നേരത്തെ ഏതു യുവ നേതാവ് പറഞ്ഞതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോയെന്നും ആ യുവ നടി വളരെ വ്യക്തമായി ഇത് തന്നെ പറഞ്ഞല്ലോയെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

















