പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രകീർത്തിച്ച് കെ.മുരളീധരൻ. കെ.കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത നേതാവാണ് വി.ഡി.സതീശനെന്നും തുടർന്നുള്ള സ്ഥാന കയറ്റത്തില്‍ അദ്ദേഹത്തിന് അതിന്റെ ഗുണം കിട്ടുമെന്നും മുരളീധരൻ പറഞ്ഞു. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന എം എ ജോണ്‍ പുരസ്കാര സമർപ്പണ വേദിയിലായിരുന്നു പരാമർശം.
‘പ്രതിപക്ഷ നേതാവെന്ന നിലയില്‍ ശക്തമായ പ്രവർത്തനങ്ങളുമായിട്ടാണ് വി.ഡി.സതീശൻ മുന്നോട്ട് പോകുന്നത്. യുവ തലമുറയെ ആകർഷിക്കുന്ന പ്രവർത്തനമാണ് സതീശന്റേത്. പാർട്ടിയുടെ നയത്തില്‍ വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം തയ്യാറായിട്ടില്ല. അതില്‍ അദ്ദേഹം വെള്ളം ചേർത്തിട്ടില്ല’ മുരളീധരൻ പറഞ്ഞു.
സതീശനേയും തന്നെയും നിയമസഭയില്‍ പിൻ ബെഞ്ചിലിരുത്തിയെന്നും അങ്ങനെ ഇരുത്തിയവർ പിന്നീട് പിന്നിലായെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ‘നിയമസഭയില്‍ താനും സതീശനും എട്ട് വർഷം ഒരുമിച്ചുണ്ടായിരുന്നു. ഈ സമയം തങ്ങള്‍ രണ്ട് പേരും പിൻബെഞ്ചുകാരായിരുന്നു. ഞങ്ങളെ പിൻ ബെഞ്ചിലിരുത്തിയവർ പിന്നീട് പിൻ ബെഞ്ചിലായി, അത് ചരിത്രത്തിന്റെ ഭാഗം.
2009-10 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി സാമ്ബത്തിക മാന്ദ്യത്തെ കുറിച്ച് സതീശൻ നേരിട്ട് സംവാദത്തിലേർപ്പെട്ടു. സാധാരണ എല്ലാവരും വെല്ലുവിളിക്കുക മാത്രമാണ് ചെയ്യാറുള്ളത്, നേരിട്ട് സംവദിക്കാറില്ല. അന്നത്തെ ചർച്ചയില്‍ ധനമന്ത്രിയുടെ കണക്കുകള്‍ ഊതിവീർപ്പിച്ചതാണെന്ന് തെളിവ് സഹിതം സതീശന് സ്ഥാപിക്കാനായി. യുഡിഎഫിന് അടിത്തറയുണ്ടാക്കിയ ഇത്തരത്തിലുള്ള പ്രവർത്തനത്തിലേർപ്പെട്ട സതീശന് ഒരു മന്ത്രി സ്ഥാനം ലഭിച്ചില്ല. കഴിവുള്ളവരെ എത്ര മാറ്റിനിർത്തിയാലും അവർ സ്വയം മുന്നോട്ട് വരുമെന്നതിന് ഉദാഹരമാണ് സതീശൻ. പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹത്തെ തേടിയെത്തി. ഇനിയും പ്രമുഖ സ്ഥാനങ്ങളും അദ്ദേഹത്തിന് കൈവരട്ടെ എന്നും ആശംസിക്കുന്നു’ മുരളീധരൻ പറഞ്ഞു.
‘കെ.കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് സതീശൻ. അതുകൊണ്ട് അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തിന് ഭാവിയില്‍ തടസ്സമുണ്ടാകില്ല. അത് അദ്ദേഹത്തിന് ഗുണമാണ്. കെ.കരുണാകരന്റെ മനസ്സ് വേദനപ്പിച്ചവരൊക്കെ പൊങ്ങേണ്ട നേരത്ത് താഴോട്ട് പതിച്ചിട്ടുണ്ട്. അത് അവർക്ക് കിട്ടിയ ശാപത്തിന്റെ ഫലമാണ്’ മുരളീധരൻ പറഞ്ഞു.
റീല്‍സിലൂടെ പബ്ലിസിറ്റി നേടുന്ന യുവ നേതാക്കളേയും മുരളീധരൻ വിമർശിച്ചു. ‘എം.എ.ജോണിനെപ്പോലെ ആദർശമുള്ള നേതാക്കള്‍ ഉണ്ടായിരുന്നുവെന്ന് പുതിയ തലമുറയും മനസ്സിലാക്കണം. എല്ലാവരും സ്വന്തം കാര്യം നോക്കി പോകുന്ന കാലമാണ്. അധ്വാനത്തേക്കാള്‍ കൂടുതല്‍ പബ്ലിസിറ്റിയാണ് എല്ലാവരും നോക്കുന്നത്. ഇറങ്ങി പ്രവർത്തിക്കാനല്ല താല്‍പര്യം റീല്‍സിനാണ് പ്രധാന്യം കൊടുക്കുന്നത്’ മുരളീധരൻ പറഞ്ഞു.

















