ഡ്രൈവർ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യംനല്‍കി സംസ്ഥാനത്തൊട്ടാകെ തട്ടിപ്പുനടത്തിയ യുവാവ് പിടിയില്‍. പാലക്കാട് ഷൊർണൂർ കവളപ്പാറ ചൂണ്ടക്കാട്ട് പറമ്ബില്‍വീട്ടില്‍ വിഷ്ണു(27)വാണ് കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. ഒരാളില്‍നിന്ന് 1,560 രൂപവീതം അഞ്ഞൂറിലേറെപ്പേരില്‍ നിന്നായി എട്ടുലക്ഷത്തിലേറെ രൂപ ഇയാള്‍ തട്ടിയെടുത്തതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എത്രപേർ തട്ടിപ്പിനിരയായെന്ന് തുടരന്വേഷണത്തിലേ വ്യക്തമാകൂ എന്ന് കൊല്ലം ഡിസിആർബി എസിപി നസീർ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിലും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലുമാണ് വിഷ്ണു പരസ്യം നല്‍കിയിരുന്നത്. 32,000 രൂപ ശമ്ബളത്തോടെ തിരുവനന്തപുരത്ത് ഡോക്ടറുടെ ഹൗസ് ഡ്രൈവർ ജോലി ഒഴിവുണ്ടെന്നും താത്പര്യമുള്ളവർ പരസ്യത്തില്‍ നല്‍കിയ നമ്ബരില്‍ ഡ്രൈവിങ് ലൈസൻസ് അയയ്ക്കണമെന്നുമാണ് പറഞ്ഞിരുന്നത്. ഇൻസ്റ്റഗ്രാമില്‍മാത്രം പരസ്യം 25 ലക്ഷം പേർ കണ്ടിട്ടുണ്ട്. പരസ്യംകണ്ടു ബന്ധപ്പെടുന്നവരോട് എറണാകുളത്ത് ഓഫീസ് ഉണ്ടെന്നും അവിടെയെത്തി രജിസ്റ്റർ ചെയ്യാനുമാണ് പറഞ്ഞിരുന്നത്. നേരിട്ടെത്താനായില്ലെങ്കില്‍ ലൈസൻസിന്റെയും ആധാറിന്റെയും പകർപ്പ് വാട്സാപ്പിലൂടെ അയച്ചശേഷം രജിസ്ട്രേഷൻ ഫീസായി 560 രൂപ അയയ്ക്കാനും ആവശ്യപ്പെടും. പിന്നീട് വെരിഫിക്കേഷനായി 1,000 രൂപകൂടി ഇരകളില്‍നിന്നു വാങ്ങും. തുക കൈക്കലാക്കിയശേഷം ഇവരെ ബ്ളോക്ക് ചെയ്യും. തുടർന്ന് പരസ്യം നല്‍കിയ ഫോണ്‍നമ്ബരും അക്കൗണ്ടും ഒഴിവാക്കി പുതിയ അക്കൗണ്ടും ഫോണ്‍ നമ്ബരും എടുത്ത് ഇതേ പരസ്യം നല്‍കി തട്ടിപ്പ് തുടരുകയായിരുന്നു.
പിടിക്കപ്പെടാതിരിക്കാൻ സിം കാർഡുകള്‍ക്കൊപ്പം ഫോണുകളും പ്രതി മാറ്റിക്കൊണ്ടിരുന്നെന്ന് പോലീസ് പറയുന്നു. സിം മാറിക്കൊണ്ടിരുന്നപ്പോഴും തുടർച്ചയായി ബന്ധപ്പെട്ടിരുന്ന നമ്ബർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയായിരുന്നു.പണം നഷ്ടമായ കൊട്ടിയം പഴയാറ്റിൻകുഴി സ്വദേശി സൈബർ ക്രൈം പോർട്ടല്‍ നമ്ബരായ 1930-ല്‍ പരാതി രജിസ്റ്റർ ചെയ്തതോടെയാണ് തട്ടിപ്പു പുറത്തായത്. കൊല്ലം സിറ്റി സൈബർ ക്രൈം പോലീസിന്റെ പരിശോധനയില്‍ സമാനമായ പരാതികള്‍ പല ജില്ലകളിലും രജിസ്റ്റർ ചെയ്തിട്ടുള്ളതായി കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തില്‍ ഒരുവർഷമായി വിവിധ ബാങ്ക് അക്കൗണ്ടുകള്‍, സിം കാർഡുകള്‍, ഫോണുകള്‍ എന്നിവ ഉപയോഗിച്ച് പ്രതി സമാനതട്ടിപ്പ് നടത്തിവന്നിരുന്നതായി കണ്ടെത്തി.

















