വ്യവസായി എം എ യൂസഫലി അടക്കമുള്ളവരുടെ സഹായം സ്നേഹപൂർവ്വം വേണ്ടെന്നു വെക്കുന്നുവെന്ന് നാട്ടിക എംഎല്‍എ സി സി മുകുന്ദൻ. ആ സഹായം നാട്ടിക നിയോജക മണ്ഡലത്തിലെ നിർധനരായ രോഗികള്‍ക്കും ഭവനരഹിതരായ പാവപ്പെട്ടവർക്കും നല്‍കണമെന്ന് എംഎല്‍എ അഭ്യർത്ഥിച്ചു. ഒരു പക്ഷേ അത് അവരുടെ ജീവിതത്തിന്റെ അർത്ഥം തന്നെ മാറ്റുന്ന വലിയൊരു ചേർത്തുപിടിക്കലായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
അപകട ഘട്ടത്തില്‍ തന്നെ ഓർമിച്ച, ചേർത്ത് പിടിച്ച, സമാശ്വസിപ്പിച്ച എല്ലാവർക്കും എംഎല്‍എ നന്ദി പറഞ്ഞു. എംഎല്‍എയുടെ ചോർന്നൊലിക്കുന്ന വീടിനെ പറ്റി വാർത്തകള്‍ പുറത്തുവന്നതിനെ തുടർന്നാണ് എം എ യൂസഫലി ഉള്‍പ്പെടെയുള്ളവർ സഹായം വാഗ്ദാനം ചെയ്തത്. 20 ലക്ഷത്തോളം രൂപയാണ് എംഎല്‍എയുടെ കടം.
കുറിപ്പിന്‍റെ പൂർണരൂപം:
പ്രിയമുള്ളവരെ…കാല്‍ വഴുതി വീണ് പരിക്കേറ്റ് വീട്ടില്‍ വിശ്രമത്തിലായിരിക്കുമ്ബോള്‍ നേരിട്ട് വീട്ടില്‍ എത്തിയും ഫോണിലൂടെയും , സാമൂഹ്യ മാധ്യമങ്ങളിലൂടെയും എന്നോട് സ്നേഹാന്വേഷണം നടത്തിയ എന്റെ പാർട്ടിയിലെയും മറ്റു പാർട്ടികളിലെയും സഹപ്രവർത്തകരോടും പ്രിയപ്പെട്ട ജനങ്ങളോടും നന്ദി അറിയിക്കുന്നു.ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ചുമട്ട് തൊഴിലാളിയായി പൊതുജീവിതം ആരംഭിച്ച വ്യക്തിയാണ് ഞാൻ. എനിക്ക് എന്റെ പാർട്ടിയും ജനങ്ങളും നല്‍കിയ വലിയൊരു അംഗീകാരവും ഉത്തരവാദിത്വവുമായാണ് എംഎല്‍എ പദവിയെ ഞാൻ കാണുന്നത്. അതിനപ്പുറം, യാതൊരു സാമ്ബത്തിക നേട്ടത്തിനായും ഞാൻ ആ പദവിയെ ഉപയോഗിച്ചിട്ടില്ല. ശമ്ബളമായി ലഭിക്കുന്ന തുകയുടെ വലിയൊരു ഭാഗം പൊതുപ്രവർത്തനരംഗത്ത് തന്നെയാണ് ഞാൻ വിനിയോഗിക്കുന്നത്. അതു കഴിഞ്ഞാല്‍ കാര്യമായൊന്നും മിച്ചം വരാറില്ല എന്നുള്ളതാണ് സത്യം.
അത്തരം ഒരു അവസ്ഥയിലാണ് വീടിന്റെ വായ്പ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചത്. മറ്റുള്ളവർക്ക് മാതൃകയാകേണ്ട ജനപ്രതിനിധി വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്താൻ പാടില്ലായിരുന്നു എന്ന് ഞാൻ സ്വയം വിമർശനപരമായി തിരിച്ചറിയുന്നു. എന്നാല്‍ സാമ്ബത്തിക ബുദ്ധിമുട്ടുകളില്‍ നട്ടം തിരിഞ്ഞപ്പോള്‍ സംഭവിച്ചുപോയ ഗതികേടായിരുന്നു അത്. അപകടം സംഭവിച്ചതിഞ്ഞ് വീട്ടില്‍ എന്നെ കാണാനെത്തിയ മാധ്യമ പ്രവർത്തകരിലൂടെയാണ് ഈ വിവരം ജനങ്ങളിലെത്തുന്നത്. വിദ്യാർത്ഥി – യുവജന – തൊഴിലാളി രംഗങ്ങളിലുള്ള കാലഘട്ടത്തിലെ പ്രവർത്തനങ്ങളിലും സാമൂഹികപരവും , സാമ്ബത്തിക പരവുമായ ബുദ്ധിമുട്ടുകളെ നേരിട്ടുകൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ളത്. യുവജന സംഘടന പ്രവർത്തന കാലഘട്ടത്തില്‍ തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന സമരത്തിനിടയില്‍ ദിവസങ്ങളോളം പട്ടിണി കിടന്നതും , പോലീസ് മർദ്ദനങ്ങള്‍ ഏറ്റുവാങ്ങിയതും ഇന്നും ഓർക്കുന്നു.
നാട്ടിലെ ഒരുപാട് മുതലാളിമാരുടെ ഫണ്ട് കൈപ്പറ്റി വീട്ടുചിലവും മക്കളുടെ വിദ്യാഭ്യാസവും , കല്യാണവും , ഒക്കെ നടത്തുന്ന രാഷ്ട്രീയ നേതാക്കള്‍ അപൂർവം ഉണ്ടായിരിക്കാം. എന്നാല്‍ അത്തരത്തില്‍ സ്വന്തം കാര്യത്തിനായി ഒരാളുടെയും മുന്നില്‍ പോയി നില്‍ക്കേണ്ടി വന്നിട്ടില്ല എന്നുള്ളത് ഞാൻ കമ്മ്യൂണിസം എന്ന ആശയത്തില്‍ ഉറച്ച് വിശ്വസിക്കുന്നു എന്നത് കൊണ്ടാണ്. എന്റെ രാഷ്ട്രീയ സംശുദ്ധതയില്‍ കറപുരട്ടിക്കൊണ്ട് ഒരു നിമിഷം പോലും പ്രവർത്തന രംഗത്ത് തുടരില്ല എന്ന് എന്റെ ജനങ്ങളെ അറിയിക്കുകയാണ്. ഞാൻ എന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും പഠിച്ചത് അതാണ്.
നാട്ടികയുടെ പ്രിയപ്പെട്ട യൂസഫലിക്ക അടക്കം നിരവധി സുമനസ്സുകള്‍ എനിക്ക് സഹായവാഗ്ദാനം നടത്തിയതായി അറിയാൻ കഴിഞ്ഞു. അവരെ പോലുള്ളവരുടെ സഹായങ്ങള്‍ ലഭിച്ച നിരവധി മനുഷ്യർ എന്റെ മണ്ഡലത്തിലും , കേരളത്തിനകത്തും ഉള്ളതിനാല്‍ വളരെ ബഹുമാനത്തോടെയാണ് അവരുടെയൊക്കെ പ്രവർത്തനങ്ങളെ ഞാൻ നോക്കിക്കാണുന്നത്. എന്നാല്‍ എനിക്ക് അവരെല്ലാം വാഗ്ദാനം ചെയ്ത സഹായങ്ങള്‍ ഞാൻ സ്നേഹപൂർവ്വം വേണ്ടെന്നു വെക്കുന്നു.പ്രിയപ്പെട്ട യുസഫലിക്ക എനിക്ക് സഹായം ചെയ്യാമെന്ന് പറഞ്ഞതിന് പകരം നമ്മുടെ നാട്ടിക നിയോജക മണ്ഡലത്തിലെ നിർധനരായ രോഗികള്‍ക്കും , ഭവനരഹിതരായ പാവപ്പെട്ടവർക്കും ഈ തുക ധനസഹായമായി നല്‍കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു പക്ഷേ അത് അവരുടെ ജീവിതത്തിന്റെ അർത്ഥം തന്നെ മാറ്റുന്ന വലിയൊരു ചേർത്തുപിടിക്കലായി മാറുമെന്നും ഞാൻ പ്രത്യാശിക്കുന്നു.
ഈ വേളയില്‍ തന്നെ എന്റെ പാർട്ടിയിലെ നേതാക്കള്‍ എന്നെ കാണാൻ വരികയും , സഹായിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി, എന്റെ അപകട ഘട്ടത്തില്‍ എന്നെ ഓർമിച്ച, ചേർത്ത് പിടിച്ച, സമാശ്വസിപ്പിച്ച ഏവർക്കും നന്ദി. സ്നേഹപൂർവ്വം
സി സി മുകുന്ദൻ എംഎല്‍എ

















