വർഷങ്ങളായി നിയമനാംഗീകാരവും ശമ്ബളവും പ്രതീക്ഷിക്കുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി സർക്കാർ. ഭിന്നശേഷി നിയമനം സംബന്ധിച്ച് എൻ.എസ്.എസ് സുപ്രിംകോടതിയില്‍ നല്‍കിയ കേസിലെ വിധിന്യായം സമാന സൊസൈറ്റികള്‍ക്കും വിഭാഗങ്ങള്‍ക്കും അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യമാണ് സർക്കാർ നിർബാധം തള്ളിയത്. പന്ത്രണ്ടായിരത്തോളം അധ്യാപകരാണ് നിയമന അംഗീകാരത്തിനായി 2018 മുതല്‍ കാത്തുനില്‍ക്കുന്നത്. ഇവരില്‍ പലരും ദിവസവേതനംപോലും ലഭിക്കാത്തവരാണ്.
എൻ.എസ്.എസിനു കീഴിലുള്ള സ്കൂളുകളിലെ ജീവനക്കാരുടെ നിയമനം അംഗീകരിക്കുന്നതിനുള്ള സുപ്രിംകോടതി വിധിയും ഇത് സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവും മറ്റു സൊസൈറ്റികളുടെ സ്കൂളുകള്‍ക്കും ബാധകമാക്കാമെന്ന ആവശ്യം ശക്തമായിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് കണ്‍സോർഷ്യം ഓഫ് കാത്തലിക് മാനേജ്മെൻ്റ് 2025 ഏപ്രില്‍ ഏഴിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആവശ്യത്തില്‍ സർക്കാർ ഹർജിക്കാരെ ഹിയറിങ് നടത്തിയും എൻ.എസ്.എസ് കേസിലെ സുപ്രിംകോടതി വിധി പരിഗണിച്ചും നാലുമാസത്തിനകം തീരുമാനമെടുക്കാനായിരുന്നു ഹൈക്കോടതി നിർദേശിച്ചത്.
ഈ മാസം ഏഴിന് ആണ് ഈ കാലാവധി അവസാനിക്കുന്നത്. എന്നാല്‍, നാലുമാസം വരെ ഫയല്‍ പിടിച്ചുവച്ച സർക്കാർ അവസാനനിമിഷമാണ് മാനേജ്മെന്റുകളുടെ ആവശ്യംതള്ളി ഉത്തരവിറക്കിയത്. ജൂലൈ 30ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത് സുപ്രിംകോടതി ഉത്തരവ് എൻ.എസ്.എസ് മാനേജ്മെന്റിനു കീഴിലുള്ള സ്ഥാപനങ്ങള്‍ക്കുമാത്രം ബാധകമാണെന്നും മറ്റു സ്ഥാപനങ്ങളില്‍ ഇത് നടപ്പാക്കണമെങ്കില്‍ പ്രത്യേകകോടതി ഉത്തരവ് വേണമെന്നുമാണ്. നേരത്തേ ഈ തീരുമാനം എടുത്തിരുന്നെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാൻ മാനേജ്മെന്റുകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമായിരുന്നു.
2018 മുതലുള്ള എയ്ഡഡ് സ്കൂള്‍ നിയമനമാണ് ഭിന്നശേഷി നിയമനക്കുരുക്കിലും പ്രതിസന്ധിയിലുമുള്ളത്. ഭിന്നശേഷിക്കാർക്കുള്ള നിശ്ചിത ശതമാനം സീറ്റുകള്‍ മാനേജ്മെൻ്റുകള്‍ മാറ്റിവച്ചാല്‍ ബാക്കിയുള്ള അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനു തടസമില്ലെന്നതാണ് സുപ്രിംകോടതി എൻ.എസ്.എസ് കേസില്‍ വ്യക്തമാക്കുന്നതെന്നാണ് വിവിധ അധ്യാപക സംഘടനകളും പറയുന്നത്. സുപ്രിംകോടതി വിധി പ്രകാരം സർക്കാരിന് നടപടി കൈക്കൊള്ളാമെന്നിരിക്കെയാണ് നിയമനാംഗീകാരം പ്രതീക്ഷിക്കുന്ന അധ്യാപകരെയും വിവിധ മാനേജ്മെന്റുകളെയും ഒരേപോലെ പ്രയാസപ്പെടുത്തുന്ന നിലപാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
എൻ.എസ്.എസ് കേസില്‍ സുപ്രിംകോടതി നടത്തിയ വിധി ന്യായത്തില്‍ തന്നെ സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും വിഭാഗങ്ങള്‍ക്കും ഈ വിധിന്യായം നടപ്പാക്കാമെന്ന കാര്യം വ്യക്തമാക്കിയിരുന്നതായും അധ്യാപകർക്ക് സ്ഥിര നിയമനം നല്‍കിയാലുള്ള അധിക സാമ്ബത്തിക ബാധ്യതയില്‍ നിന്ന് രക്ഷപ്പെടാനാണ് സർക്കാർ അധ്യാപകദ്രോഹനിലപാട് സ്വീകരിക്കുന്നതെന്നും ഉള്ള ആക്ഷേപങ്ങളാണ് ഇപ്പോൾ ശക്തമാകുന്നത്. ഒരേ വിഷയത്തിലെ തുല്യ നീതിയുടെ കടുത്ത ലംഘനമാണ് സർക്കാർ ഇത് മൂലം നടത്തിയത്. ജോലിചെയ്യുന്നവന് കൃത്യമായ ശമ്പളം നൽകാൻ പോലും സർക്കാരിന് സാധിക്കുന്നില്ല. ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് വെറും പൊള്ളയായി മാറിയിരിക്കുന്നു.
ഇതുമൂലം ഉന്നത വിദ്യാഭ്യാസം നേടി എയ്ഡ് മേഖലയിൽ ജോലിചെയ്യുന്ന ഇരുപതിനായിരത്തോളം അധ്യാപകരിൽ ഭൂരിഭാഗവും ആത്മഹത്യയുടെ വക്കിലാണ്.സ്വന്തം വീട്ടിലെ ചെലവുകൾ നിർവഹിക്കാനോ കുഞ്ഞിന് ഒരു ഡയപ്പർ പോലും മേടിക്കാൻ സാധിക്കുന്നില്ല. പലരും ജോലിക്ക് വരുന്നത് അച്ഛനോടും അമ്മയോടും ജീവിതപങ്കാളിയോടും പണം കടം മേടിച്ചിട്ടാണ്.എയ്ഡഡ് മേഖലയിൽ ശമ്പളം നൽകുന്നതുപോലും വർഷത്തിലൊരിക്കലാണ്. ചിലപ്പോൾ അത് കിട്ടിയില്ലെന്നും വരാം.സർക്കാരിൻറെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ ഒരു വർഷത്തിനിടയിൽ രണ്ട് ജീവനുകൾ ബലി കഴിച്ചു. എന്നിട്ടും സർക്കാർ അനങ്ങാപ്പാറ നയം അവലംബിക്കുന്നു. ഇനിയും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആത്മഹത്യയുടെ എണ്ണം ഇനിയും ഉയരും.

















