കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎല്‍എ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് നല്‍കുക.
നേരത്തെ, സർക്കാർ ധനസഹായം നല്‍കുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു. പിന്നീട് രക്ഷാപ്രവർത്തനമുള്‍പ്പെടെ നടന്നത് ചാണ്ടി ഉമ്മൻ്റേയും പ്രതിഷേധത്തെ തുടർന്നാണ്.
അതേസമയം, സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. ബിന്ദുവിന്റെ മരണത്തിന് കാരണമായത് മന്ത്രിമാരുടെ നിരുത്തരവാദിത്തപരമായ സമീപനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.
ആരോഗ്യ മന്ത്രി വീണാ ജോർജ് സ്വീകരിച്ചത് നിരുത്തരവാദപരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുറന്നടിച്ചു. ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണം. സംസ്ഥാനത്ത് സർക്കാരില്ലായ്മ എന്ന അവസ്ഥയാണെന്നും ആവശ്യമുള്ളപ്പോള്‍ മിണ്ടാതിരിക്കുക എന്ന കൗശലമാണ് സ്ഥലത്തെത്തിയ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനോ കുടുംബത്തെ വിളിക്കാനോ സർക്കാർ തയ്യാറായില്ലെന്ന് സതീശൻ ആരോപിച്ചു. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം. കുടുംബത്തില്‍ ഒരാള്‍ക്ക് സർക്കാർ ജോലി നല്‍കണം. 25 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്നും സതീശൻ ആവശ്യപ്പെട്ടു. പിആർ ഏജൻസി പറയുന്നതിന് അപ്പുറം സർക്കാരിന് ഒന്നുമില്ല. കോണ്‍ഗ്രസും യുഡിഎഫും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി.
















