അഞ്ചാലുംമൂട്ടില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. രണ്ട് കൊലപാതകങ്ങള്‍ ചെയ്യാനാണ് യുവാവ് പദ്ധതിയിട്ടിരുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ജിനു (35) ഭാര്യ രേവതിയെ കുത്തി കൊലപ്പെടുത്തിയതിന് പിന്നാലെ തന്റെ കാമുകിയേയും കൊല്ലാൻ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാളുടെ കാമുകി രക്ഷപെട്ടത്.

ജൂലായ് 31ന് രാത്രിയാണ് ജിനു രേവതിയെ കൊലപ്പെടുത്തിയത്. മുപ്പത്തൊൻപതുകാരിയായ രേവതി കാസർകോട് സ്വദേശിനിയാണ്. കഴിഞ്ഞ അഞ്ചുമാസമായി രേവതി അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷൻ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മൻസിലില്‍ കെയർടേക്കറായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ജിനുവിന് മറ്റൊരു യുവതിയുമായി ബന്ധമുള്ള വിവരം രേവതി അറിയുന്നത്. ഇതോടെ രേവതി ജിനുവുമായി തെറ്റിപ്പിരിഞ്ഞു. ഇതേ ചൊല്ലിയുള്ള വഴക്കും ക്രൂര മർദ്ദനത്തെയും തുടർന്ന് രേവതി മക്കളെയും കൂട്ടി ജിനുവിന്റെ അടുത്ത് നിന്ന് മാറി താമസിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ജിനുവിന്റെ കാമുകി അപ്രതീക്ഷിതമായി വിദേശത്ത് പോകാൻ തീരുമാനിച്ചതോടെയാണ് ജിനുവിന്റെ സമനില തെറ്റിയത്. ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ കാമുകി കൂടി പോകാനൊരുങ്ങിയതോടെ ഇയാള്‍ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. കുറച്ച്‌ ദിവസം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ആശുപത്രിയില്‍ കിടക്കവേ ഭാര്യയെ കാണണമെന്ന് വാശി പിടിച്ചതോടെ രേവതി കുട്ടികളുമായി ആശുപത്രിയിലെത്തി ജിനുവിനെ കണ്ടിരുന്നു. ആശുപത്രിയില്‍ കിടന്ന ജിനുവിന്റെ നെഞ്ചില്‍ കാമുകിയുടെ പേര് പച്ച കുത്തിയിരുന്നു. ഇത് കാണാനിടയായതോടെ രേവതി ദേഷ്യപ്പെട്ട് അവിടെ നിന്ന് മക്കളെയും കൊണ്ട് ഇറങ്ങിപ്പോയി.

ഒന്നര മാസം മുമ്ബാണ് ജിനു കുമരഞ്ചിറയിലെ ഒരു മെമന്റോ നിർമ്മാണ കമ്ബനിയില്‍ ജോലിക്ക് കയറിയത്.ആദ്യം ഭാര്യ പോയതിന്റെയും, പിന്നീട് കാമുകി വിട്ട് പോകാനൊരുങ്ങുന്നതിന്റെയും ദേഷ്യം ജിനുവിനുണ്ടായിരുന്നു. ഇതിനിടെ, എരിതീയില്‍ എണ്ണ പകരുന്നത് പോലെ രേവതിക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന് ആരൊക്കെയോ പറഞ്ഞുകൊടുത്തതോടെ സംശയരോഗമായി. 2 സ്ത്രീകളും തന്നെ പറ്റിക്കുകയാണെന്നും, ഭാര്യയെയും കാമുകിയെയും തട്ടുമെന്നും ഇയാള്‍ ഇടക്കിടെ പറയാറുണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. ഇത് ആരും കാര്യമായി എടുത്തിരുന്നില്ല.

ജൂലായ് 31ന് രാത്രി പത്തരയോടെയാണ് ജിനു രേവതിയെ അവർ താമസിച്ച്‌ ജോലി ചെയ്യുന്ന വീട്ടിലെത്തി കുത്തിക്കൊന്നത്. ആറ് തവണയാണ് രേവതിക്ക് കുത്തേറ്റത്. ഭാര്യയെ കൊന്നതിന് ശേഷം കാമുകിയെ കൂടി കൊല്ലാനായിരുന്നു ജിനുവിന്റെ തീരുമാനം. ഇതിനു ശേഷം ഇയാള്‍ ശൂരനാട്ട് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി. തുടർന്ന് സ്ഥാപന ഉടമയായ സഞ്ജയ് പണിക്കരെ ഫോണ്‍ ചെയ്ത് ഭാര്യയെ കൊലപ്പെടുത്തിയെന്നും ഇനി കാമുകിയെ കൊലപ്പെടുത്താൻ പോകുകയാണ് എന്നും അറിയിക്കുകയായിരുന്നു. ഇത് കേട്ടതോടെ പാഞ്ഞെത്തിയ സഞ്ജയ് പണിക്കർ കണ്ടത് കൈയില്‍ കത്തിയുമായി നില്‍ക്കുന്ന ജിനുവിനെയാണ്.സമനില തെറ്റി നിന്ന് ജിനു കാമുകിയെ കൊല്ലാൻ പോവുന്നുവെന്ന് പറഞ്ഞതോടെ അദ്ദേഹം തടഞ്ഞു. ഉടൻ സഞ്ജയ് പണിക്കർ ശൂരനാട് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ജിനുവിനെ പിടികൂടുകയുമായിരുന്നു. സഞ്ജയ് പണിക്കരുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ കാമുകിയെ കൂടി ജിനു അന്നുതന്നെ കൊലപ്പെടുത്തിയേനെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക