12 വർഷത്തെ ശമ്ബള കുടിശ്ശിക കിട്ടാതിരുന്നതിനെ തുടർന്ന് പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവ് ജി സുധാകരൻ രംഗത്ത്. ഒരു പ്രമുഖ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സുധാകരൻ ഭരണകൂടത്തെ കടന്നാക്രമിക്കുന്നത്.
സർക്കാർ നിയമിച്ച ഉദ്യോഗസ്ഥൻ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കുന്ന മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനം ഇല്ലെങ്കില്‍ അവിടെ ഭരണകൂടം പരാജയപ്പെടുന്നു സുധാകരൻ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. ഫയലുകള്‍ താമസിപ്പിച്ച് തെറ്റായ തീരുമാനമെടുത്തവർക്ക് ഭരണകൂടം അനുകൂലം ആകുമ്ബോള്‍ ആ ഉദ്യോഗസ്ഥരുടെ അഴിമതിയിലും അലംഭാവത്തിലും ഭരണകൂടത്തിന് ഉത്തരവാദിത്തം ഉണ്ടെന്ന് വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പത്തനംതിട്ടയിലെ സംഭവം ഭാവിയിലേക്കുള്ള താക്കീതാണെന്നും ഉദ്യോഗസ്ഥരെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും അത് ചൂണ്ടിക്കാട്ടുന്നു എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന വാദം.
സെക്രട്ടറിയേറ്റിലെ വയല്‍ സ്തംഭനത്തെപ്പറ്റിയും അദ്ദേഹം ലേഖനത്തില്‍ ഓർമ്മിപ്പിക്കുന്നുണ്ട്.സെക്രട്ടറിയേറ്റില്‍ മാത്രം മൂന്നര ലക്ഷം വയലുകള്‍ കെട്ടിക്കിടക്കുന്നു എന്നാണ് വാർത്തകള്‍ വന്നതെന്നും ഉപദേശങ്ങള്‍ കൊണ്ട് കാര്യമില്ല എന്നും ശക്തമായ നടപടിയാണ് വേണ്ടതെന്നും സുധാകരൻ താക്കീതിന്റെ സ്വരത്തില്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു. നിയമവിധേയമായി പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥരില്‍ ആ ഉത്തരവാദിത്വം നിർവഹിക്കുന്നവർ ഒരു ചെറിയ വിഭാഗം മാത്രമാണെന്നും വലിയ അഴിമതികളും തെറ്റുകളും നയവ്യതിയാനങ്ങളും തട്ടിപ്പും നടത്തുന്ന 10% ത്തിന്റെ കുറ്റങ്ങള്‍ മാത്രമാണ് വെളിയില്‍ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ രാഷ്ട്രീയക്കാർക്ക് അഴിമതി നടത്താൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഒന്നാം പിണറായി സർക്കാരിൻറെ തുടക്കത്തില്‍ സെക്രട്ടറിയേറ്റിലെ ഫയല്‍ നീക്കം കാര്യക്ഷമമാക്കണമെന്ന് പിണറായി വിജയൻ ജീവനക്കാർക്ക് നിർദ്ദേശം നല്‍കിയിരുന്നു.ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ജീവനക്കാരെ ഉപദേശിച്ചത്.എന്നാല്‍ ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഒന്നുമില്ല എന്ന പരോക്ഷ വിമർശനമാണ് ജി.സുധാകരൻ ലേഖനത്തില്‍ ഉന്നയിക്കുന്നത്.തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ സുധാകരന്റെ വിമർശനം സിപിഎമ്മിലും സർക്കാരിലും എല്‍ഡിഎഫിലും ചൂടറിയ ചർച്ചകള്‍ക്ക് വഴിയൊരുക്കും.

















