കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇൻഫോ പാർക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ്7 ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.
വേണു ഗോപാലകൃഷ്ണനെതിരെയും സ്ഥാപനത്തിലെ മൂന്ന് പേർക്കെതിരെയും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. യുവതി തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന ഇയാളുടെ പരാതിയില്‍ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരെ സെൻട്രല്‍ പൊലീസ് കേസെടുത്തിരുന്നു. താൻ ഐസിസി മുൻപാകെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് യുവതി പ്രതികരിച്ചു. പരാതി നല്‍കിയാല്‍ ഹണി ട്രാപ്പ് കേസില്‍ കുടുക്കുമെന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും യുവതി പറയുന്നു.
പരാതി പറഞ്ഞതിന്റെ പ്രതികാരമാണ് തന്നെയും ഭർത്താവിനെയും ഹണിട്രാപ്പ് കേസില്‍ കുടുക്കിയത്. തൊഴിലിടത്തില്‍ താൻ നേരിട്ട ലൈംഗിക ഉപദ്രവം തുറന്നു പറയുകയാണ് യുവതി. ഹണി ട്രാപ്പ് കേസില്‍ യുവതിക്കും ഭർത്താവിനും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ഇല്ലാതെ തന്നെ ജാമ്യം നല്‍കിയിരുന്നു.
തന്റെ ആഡംബര വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറിനായി ലേലത്തിൽ ലക്ഷങ്ങൾ വാരിയെറിഞ്ഞ് വാർത്തകളിൽ ഇടം നേടിയ വ്യക്തിത്വമാണ് വേണു ഗോപാലകൃഷ്ണൻ. ലംബോർഗിനിക്കായി 46 ലക്ഷം രൂപയാണ് ഇയാൾ ഫാൻസി രജിസ്ട്രേഷൻ നമ്പറിനായി ചെലവഴിച്ചതെങ്കിൽ രാജ്യത്തെ ആദ്യ റോൾസ് റോയ്സ് ഗോസ്റ്റ് ബ്ലാക്ക് സീരീസ് വാഹനം സ്വന്തമാക്കിയപ്പോൾ 12.8 ലക്ഷം രൂപം മുടക്കിയാണ് ഇഷ്ട നമ്പർ തരപ്പെടുത്തിയത്. 450 കോടിയിലധികം വിറ്റുവരവുള്ള ഒരു ഐടി അധിഷ്ഠിത റീട്ടെയില്‍ സൊല്യൂഷൻസ് കമ്ബനിയാണ് ഇയാളുടെ ഉടമസ്ഥതയിൽ ഉള്ള ലിറ്റ്മസ്7.

















