പാലാ നഗരസഭയിലും, സിവിൽ സ്റ്റേഷനിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളുടെയും സംവിധാനങ്ങളുടെയും അഭാവത്തിനെതിരെ പൊട്ടിത്തെറിച്ച് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പ്രാദേശിക നേതാവ് ജോസുകുട്ടി പൂവേലി രംഗത്ത്. മാണി ഗ്രൂപ്പിൻറെ ട്രേഡ് യൂണിയൻ വിഭാഗമായ കെടിയുസിയുടെ പാലാ നിയോജകമണ്ഡലം പ്രസിഡണ്ടാണ് ജോസുകുട്ടി. താലൂക്ക് വികസന സമിതി അംഗം കൂടിയായ ഇദ്ദേഹം വികസന സമിതി യോഗത്തിലാണ് സർക്കാരിനും നഗരസഭാ ഭരണസമിതിക്കും എതിരെ ആഞ്ഞടിച്ചത്.
20ലേറെ ജില്ലാ/ താലൂക്ക് തല ഓഫീസുകൾ പ്രവർത്തിക്കുന്ന ബഹുനില മന്ദിരമായ സിവിൽ സ്റ്റേഷനിൽ വർഷങ്ങൾക്കു മുമ്പ് തീപിടുത്തം ഉണ്ടായ തടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഭരണകക്ഷി നേതാവിന്റെ വിമർശനം. സമാനമായിട്ടാണ് നിരവധി വ്യാപാരസ്ഥാപനങ്ങളും ഭക്ഷ്യപാചക ശാലകളും ഉൾപ്പെടെ പ്രവർത്തിക്കുന്ന നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് ബിൽഡിങ്ങിന്റെയും സ്ഥിതി. പാലാ ജനറൽ ഹോസ്പിറ്റലിലെ അഗ്നി സുരക്ഷാസംവിധാനങ്ങളുടെ അഭാവവും പൂവേലി യോഗത്തിൽ ചൂണ്ടിക്കാട്ടി.
സമാന വിമർശനങ്ങൾ ഉയർത്തി ഇടത് ഘടകകക്ഷിയായ ജനതാദൾ നേതാവ് പീറ്റർ പന്തലാനിയും യോഗത്തിൽ നിലപാട് പറഞ്ഞിരുന്നു. ജനറൽ ഹോസ്പിറ്റൽ കെട്ടിടങ്ങളുടെ ന്യൂനതയും അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ അഭാവവും നിരവധി വട്ടം പൊതുവേദിയിൽ അടക്കം ഉന്നയിച്ചിട്ടുള്ള വ്യക്തിത്വമാണ് പീറ്റർ. മീനച്ചിലാറിന്റെയും പ്രധാന തോടുകളുടെയും ആഴമേറിയ ഭാഗത്ത് അപായ സൂചനകൾ സ്ഥാപിക്കണമെന്നും പന്തലാനി ആവശ്യപ്പെട്ടു. നൂറു കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഡിയം ജംഗ്ഷനിലെ ബസ്റ്റോപ്പിന് സമീപം പബ്ലിക് ടോയ്ലറ്റുകളുടെ അഭാവവും നഗരസഭയുടെ നിയന്ത്രണത്തിലുള്ള 13 ടോയ്‌ലറ്റുകൾ സ്റ്റേഡിയം കോംപ്ലക്സിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നതും യോഗത്തിൽ ചർച്ചയായി.
യോഗ ചർച്ചകൾ നിയന്ത്രിച്ച മാണി സി കാപ്പൻ എംഎൽഎ ഓരോ നിർദ്ദേശവും ഗൗരവപൂർവ്വം കണക്കിലെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നടപടികൾ സ്വീകരിക്കുവാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ മുന്നറിയിപ്പ് നൽകിയ എംഎൽഎ അടുത്ത യോഗത്തിൽ തന്നെ അടിയന്തര നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതുമുന്നണിയുടെ നേതാക്കൾ തന്നെ പരസ്യ വിമർശനങ്ങൾ ഉയർത്തിയതും എംഎൽഎയുടെ ഇടപെടലിനെ കയ്യടിച്ചു സ്വീകരിച്ചതും താലൂക്ക് വികസന സമിതി യോഗത്തിൽ കൗതുക കാഴ്ചയായി മാറി. ഇടത് നേതാക്കളുടെ പരസ്യ വിമർശനം ഭരണ മുന്നണിയിലെ പ്രമുഖ ഘടകകക്ഷി പാർട്ടികൾ പാലായോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്ന മാണി സി കാപ്പൻ എംഎൽഎയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് എന്ന രീതിയിലും ചർച്ചകൾ ഉയർന്നു വരുന്നുണ്ട്. പാലാ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളുടെ കൃത്യമായ സൂചനയാണിതെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

















