യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് മൂന്ന് ആഴ്ച പിന്നിടുമ്പോഴും കണ്ടെത്താൻ നടപടി ഇല്ലെന്ന് പരാതി.മൈനാഗപ്പള്ളി കല്ലേലിഭാഗം ഇജാസ് ലാൻഡില്‍ ഇജാസിന്‍റെ ഭാര്യ അഞ്ജു രാജിനെയും മക്കളായ ഇനല്‍ (ഏഴ്), ഇനിയ (നാല്) എന്നീ പെണ്‍കുട്ടികളെയുമാണ് ജൂണ്‍ ഒന്നിന് കാണാതായത്.
ഭർത്താവ് ഇജാസുമായുണ്ടായ വഴക്കിനെ തുടർന്ന് മൈനാഗപ്പളളില്‍ നിന്ന് കുട്ടികളെ കൂട്ടി അഞ്ജു രാജ് പോയതായാണ് കുടുംബം പറയുന്നത്. പിറ്റേ ദിവസം കരുനാഗപ്പള്ളി പൊലീസില്‍ പരാതി കൊടുത്തതിനെ തുടർന്നുള്ള അന്വേഷണത്തില്‍ മൂന്നിന് തിരുവന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിലെ സി.സി ടി.വി കാമറയില്‍ ഇവരുടെ ദൃശ്യം കണ്ടതായി അറിഞ്ഞു.
തിരുവനന്തപുരത്തേക്ക് അന്വേഷണം കേന്ദ്രികരിച്ചു നടത്തിയതില്‍ ശംഖുമുഖം ബീച്ചിലും ബീമാപള്ളി പരിസരത്തും കണ്ടതായി പൊലീസിന് അറിവ് കിട്ടി. ഫോണ്‍ എടുക്കാതെ പോയതിനാല്‍ ലൊക്കേഷൻ മനസ്സിലാക്കി ഇവരെ കണ്ടെത്താൻ പ്രയാസം നേരിടുന്നവെന്ന് പൊലീസ് പറയുന്നു.
കൊല്ലം എസ്.പിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടും ഉൗർജിതമായ അന്വേഷണം നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും പരാതി. പോരുവഴി ഇടയ്ക്കാട് തെക്ക് അനന്തു ഭവനത്തില്‍ രാജുവിന്‍റെയും സുജാതയുടെയും മകളാണ് അഞ്ജു രാജ്.

















