സമ്മർദ്ദങ്ങള്‍ക്കും മാനസിക പീഡനങ്ങള്‍ക്കുമൊടുവില്‍ കോഴിക്കോട് ഫറൂഖ് കോളേജില്‍ 20 വർഷമായി ജോലി ചെയ്തിരുന്ന ജീവനക്കാരിയായ സുഹാനയെ കാണാനില്ല.കോളേജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് സുഹാന വീടുവിട്ടിറങ്ങിയത്. സുഹാനയെ കാണാതായതോടെ ഭർത്താവ് നജീബ് ഫറോക്ക് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കോളേജ് മാനേജ്‌മെന്റില്‍ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് തന്നെ ഈ കടുംകൈക്ക് പ്രേരിപ്പിക്കുന്നതെന്ന് സുഹാനയുടെ കത്തിലുണ്ട്. 2022-ല്‍ സഹപ്രവർത്തകനായ റഷീദ് എന്നയാള്‍ മോശമായി പെരുമാറിയതിനെതിരെ സുഹാന മാനേജ്‌മെന്റിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് നടപടിയെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇവർ പോലീസിനെ സമീപിച്ചു. ഈ കേസ് ഒത്തുതീർപ്പാക്കാൻ മാനേജ്‌മെന്റ് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായും ഇതിന്റെ പേരില്‍ കഴിഞ്ഞ രണ്ട് വർഷമായി താൻ വേട്ടയാടപ്പെടുകയാണെന്നും സുഹാന ആരോപിക്കുന്നു.
കൃത്യമായ കാരണങ്ങളില്ലാതെ കഴിഞ്ഞ ജനുവരി മാസത്തില്‍ സുഹാനയെ കോളേജില്‍ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. പരാതി പിൻവലിക്കാത്തതിലുള്ള വൈരാഗ്യമാണ് സസ്‌പെൻഷന് പിന്നിലെന്ന് സുഹാനയുടെ കുടുംബം ആരോപിക്കുന്നു. കേസ് അട്ടിമറിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നതായും മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവർ കേസില്‍ ഇടപെട്ടിട്ടുണ്ടെന്നും സുഹാനയുടെ കത്തില്‍ പരാമർശമുണ്ട്.
സുഹാനയെ കാണാതായിട്ട് ആറ് ദിവസം പിന്നിട്ടിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുന്നില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. പോലീസും മാനേജ്‌മെന്റും പുലർത്തുന്ന നിശബ്ദതയ്‌ക്കെതിരെ സുഹാനയുടെ കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്.

















