വിലകുറഞ്ഞതും എന്നാല്‍ നിരവധി കഴിവുകള്‍ ഉള്ളതുമായ ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് ചൈനീസ് കമ്ബനി. ഏകദേശം 5 ലക്ഷം രൂപയ്ക്ക് മുകളില്‍ (6,000 ഡോളർ) വില വരുന്ന ഈ റോബോട്ട് സമാനമായ ബോട്ടുകള്‍ നിർമ്മിക്കുന്ന മറ്റ് കമ്ബനികള്‍ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയേക്കും. യൂണിട്രീ റോബോട്ടിക്സിന്റെ പുതിയ R1 റോബോട്ട് വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്.
ഇത് കൈകുത്തി നില്‍ക്കുകയും തുടർച്ചയായി ഇടിക്കുകയും ചെയ്യുന്നതടക്കമുള്ള കഴിവുകള്‍ പ്രകടിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഏകദേശം 55 പൗണ്ട് ഭാരമുള്ളതാണ് R1 റോബോട്ട്. ചലനങ്ങള്‍ സാധ്യമാക്കുന്നതിനായി ഇതിന് 26 ജോയിന്റുകളുമുണ്ട്. ശബ്ദവും ചിത്രവും തിരിച്ചറിയാനുള്ള കഴിവ് ഉള്‍പ്പെടെ മള്‍ട്ടിമോഡല്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.റോബോട്ടിക് ചലനത്തിലും ബാലൻസിലും ഒരു സുപ്രധാന കുതിച്ചുചാട്ടം അടയാളപ്പെടുത്തുന്നതാണ് R1.
മികച്ച ബോക്സിംഗ് കഴിവുകളാണ് റോബോട്ട് പ്രകടിപ്പിക്കുന്നത്. മലർന്നു കിടക്കുന്ന അവസ്ഥയില്‍നിന്ന് കൈകള്‍ ഉപയോഗിക്കാതെ എഴുന്നേറ്റ് നില്‍ക്കാനും കഴിയും. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയയില്‍ R1 നെക്കുറിച്ച് വ്യാപകമായ ചർച്ചയും ഉയർന്നുവന്നിട്ടുണ്ട്. റോബോട്ടിന് ദൈനംദിന ജോലികള്‍ ചെയ്യാൻ കഴിയുമോ എന്നായിരുന്നു വീഡിയോ കണ്ട ഭൂരിഭാഗം പേരുടെയും ചോദ്യം. നായയെ നടക്കാൻ കൊണ്ടുപോകാനും കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കാനും ഇതിന് കഴിയുമോ? എന്നും ആരാഞ്ഞവരുണ്ട്.
അതിനിടെ, പലരും ഇലോണ്‍ മസ്കിനെയും അദ്ദേഹത്തിന്റെ ടെസ്ല ഒപ്റ്റിമസ് കമ്ബനിയെയും ടാഗ് ചെയ്തു. ജോലികള്‍ ചെയ്യാൻ കഴിവുള്ള, രണ്ടുകാലില്‍ നില്‍ക്കുന്ന ഹ്യൂമനോയിഡുകളെയാണ് ഈ കമ്ബനിയും വികസിപ്പിക്കുന്നത്. നിങ്ങള്‍ ഇപ്പോഴും മത്സര രംഗത്തുണ്ടോ? അടുത്ത വർഷം ഇവർ (യൂണിട്രീ) റോബോട്ടിനെ വിപണിയിലിറക്കുമ്ബോള്‍ നിങ്ങള്‍ ഇനിയും കുറച്ച് വർഷങ്ങള്‍കൂടി ലാബില്‍ തുടരുമെന്ന് കരുതുന്നുവെന്നും ചിലർ പറഞ്ഞു.മസ്കിന്റെ കമ്ബനിക്ക് പുറമെ യുഎസ് സ്ഥാപനമായ ബോസ്റ്റണ്‍ ഡൈനാമിക്സ് അതിന്റെ അറ്റ്ലസ് റോബോട്ടുകളുമായി ഹ്യൂമനോയിഡ് റോബോട്ട് വിപണിയിലെത്തുന്നുണ്ട്. എന്നിരുന്നാലും, വെറും 5 ലക്ഷം രൂപയ്ക്ക് നൂതനമായ മനുഷ്യരൂപമുള്ള ഒരു റോബോട്ട് വിജയകരമായി വിപണിയിലെത്തിച്ചാല്‍ റോബോട്ടിക്സ് – എഐ മത്സരത്തില്‍ അത് ചൈനയ്ക്ക് ഒരു പ്രധാന നാഴികക്കല്ലായി മാറും. നിലവില്‍ യൂണിട്രീയുടെ വലുതും കൂടുതല്‍ നൂതനവുമായ H1 എന്ന ഹ്യൂമനോയിഡ് റോബോട്ട് 77 ലക്ഷം രൂപയ്ക്ക് (90,000 ഡോളർ) മുകളിലാണ് വില്‍ക്കുന്നത്. 13.8 ലക്ഷം രൂപ (16,000 ഡോളർ) വിലയുള്ള യൂണിട്രീയുടെ പഴയ G1 ഹ്യൂമനോയിഡ് ഗവേഷണശാലകളിലും സ്കൂളുകളിലും ഉപയോഗിച്ചതിന് പിന്നാലെ പ്രശസ്തി നേടിയിരുന്നു.

















