യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ അപവാദ പ്രചരണവുമായി സിപിഎം സൈബർ ഹാൻഡിലുകൾ. യുവജന സംഘടനയുടെ സംസ്ഥാന അധ്യക്ഷനും എംഎൽഎയും ആയ യുവ കോൺഗ്രസ് നേതാവ് മാധ്യമപ്രവർത്തകയെ പീഡിപ്പിച്ചു എന്നും ഇവർ പരാതി കൊടുക്കാൻ ഒരുങ്ങുന്നു എന്നുമാണ് പേരുകൾ പറയാതെയുള്ള അപവാദ സന്ദേശ പ്രചരണം. അപവാദ പ്രചാരണത്തിന് പിന്നാലെ ഓണക്കാലത്ത് ഒരു ചാനലിൽ യുവമാധ്യമപ്രവർത്തകയും രാഹുൽ മാങ്കൂട്ടവും ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും ഇത്തരം പ്രചാരകർ പങ്കുവെക്കുകയുണ്ടായി.
രാഹുലിനൊപ്പം ഓണസദ്യ കഴിക്കുന്ന ലക്ഷ്മി പത്മ എന്ന മാധ്യമപ്രവർത്തകയുടെ ചിത്രമാണ് അപവാദ പ്രചാരകർ ഉപയോഗിച്ചത്. ഏഷ്യാനെറ്റ് വിട്ട ശേഷം ഇവർ പ്രവർത്തിച്ച ഫോർത്ത് എന്ന ഡിജിറ്റൽ മാധ്യമത്തിൽ ടെലികാസ്റ്റ് ചെയ്ത പരിപാടിയുടെ ചിത്രങ്ങൾ ആയിരുന്നു ഇത്. ചിത്രങ്ങൾ കൂടി പങ്കുവെച്ചുകൊണ്ട് അശ്ലീല പ്രചാരണം കൊഴിപ്പിക്കുന്ന ഇടത് സൈബർ ഹാൻഡിലുകൾക്ക് മറുപടിയുമായി ഒടുവിൽ ലക്ഷ്മി പത്മ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു.
ഫോർത്തിലെ ഓണ പരിപാടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് എനിക്കെതിരെ ദുരുദ്ദേശപരമായ പ്രചരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആർക്കെങ്കിലും എതിരെ പീഡന പരാതിയുണ്ടെങ്കിൽ പോലീസും കോടതിയും വഴി നീങ്ങണം. അല്ലാതെ നിങ്ങൾക്ക് ഇഷ്ടമല്ല എന്ന ഒറ്റക്കാരണത്താൽ ഞാൻ എന്ന സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച് വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്നായിരുന്നു ലക്ഷ്മിയുടെ പോസ്റ്റ്. നിലവിൽ ഇവർ ന്യൂസ് മലയാളം 24/7 ചാനലിലെ അസോസിയേറ്റ് എഡിറ്റർ ആണ്.

















