നിയമസഭാ തെരഞ്ഞെടുപ്പില്‍ സിഎംപിക്ക് രണ്ട് സീറ്റുകള്‍ നല്‍കാൻ യുഡിഎഫില്‍ ധാരണ എന്ന് റിപ്പോർട്ട്. കുന്ദമംഗലം, തിരുവനന്തപുരം സീറ്റുകള്‍ നല്‍കാനാണ് ധാരണയായത് എന്നാണ് റിപ്പോർട്ട്. സിഎംപി മത്സരിച്ചിരുന്ന നെന്മാറ സീറ്റിന് പകരമാണ് കുന്ദമംഗലം സീറ്റ് നൽകുക. ലീഗ് മത്സരിച്ചു വരുന്ന സീറ്റാണ് കുന്ദമംഗലം.
തിരുവനന്തപുരത്ത് സി പി ജോണും കുന്ദമംഗലത്ത് വിജയകൃഷ്ണനും സ്ഥാനാർഥികളായേക്കും. സിഎംപിക്ക് അർഹമായ പരിഗണന നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എം വി രാഘവൻ സിപിഎം വിട്ട് രൂപം കൊടുത്ത സിഎംപി രാഘവൻ ഇടതുപാളയത്തിലേക്ക് മടങ്ങിയപ്പോഴും സിപി ജോണിന്റെ നേതൃത്വത്തിൽ യുഡിഎഫിൽ തുടരുകയായിരുന്നു.
പാർട്ടിയുടെ ശക്തിക്ക് അപ്പുറം യുഡിഎഫ് വലിയ രീതിയിൽ പ്രാമുഖ്യം കൊടുക്കുന്ന നേതാവാണ് സി പി ജോൺ. 2011ൽ യുഡിഎഫ് അധികാരത്തിലെത്തിയ ഘട്ടത്തിൽ സിപി ജോൺ വിജയിച്ച് വന്നിരുന്നെങ്കിൽ ഉറപ്പായും മന്ത്രിയാകുമായിരുന്നു. യുഡിഎഫ് നേതൃനിരയിലെ പ്രധാനപ്പെട്ട സൈദ്ധാന്തികൻ കൂടിയാണ് ജോൺ. എംഎൽഎയായി ജോൺ വിജയിക്കുകയും യുഡിഎഫ് മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്താൽ ഉറപ്പായും മന്ത്രിയാകുന്ന ഒരു നേതാവ് കൂടിയാണ് ഇദ്ദേഹം.

















