ഭാര്യയുടെ കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പുണെയിലെ സർക്കാർ ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. ഇതിനുപുറമേ ഗാർഹിക, സ്ത്രീധന പീഡനക്കുറ്റങ്ങളും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ പരാതിയിലാണ് നടപടി.
ഭർത്താവും ഇയാളുടെ കുടുംബാംഗങ്ങളും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചെന്നും ഇതിനുപുറമേയാണ് രഹസ്യദൃശ്യങ്ങള്‍ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. 2020-ലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ തന്നെ ഭർത്താവ് സംശയത്തിന്റെ പേരില്‍ ശാരീരികമായും മാനസികമായും ഉപദ്രവം ആരംഭിച്ചെന്നും പരാതിക്കാരി പറയുന്നു. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഉപദ്രവിച്ചു. സ്ത്രീധനമായി കൂടുതല്‍ പണവും കാറും വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരുന്നതെന്നും പരാതിക്കാരി ആരോപിച്ചു.
തന്നെ നിരീക്ഷിക്കാനായി വീട്ടിലെ പലയിടങ്ങളിലും ഭർത്താവ് ഒളിക്യാമറകള്‍ സ്ഥാപിച്ചു. കുളിമുറിയിലടക്കം ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകർത്തി. ജോലിസ്ഥലത്തുപോലും തന്നെ നിരീക്ഷിക്കാനെത്തി. പിന്നീട് കാർ, ഭവന വായ്പകള്‍ അടയ്ക്കാനായി ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ കുളിമുറിദൃശ്യങ്ങള്‍ പുറത്തുവിടുമെന്നാണ് ഭർത്താവ് ഭീഷണിപ്പെടുത്തിയതെന്നും സ്ത്രീയുടെ പരാതിയിലുണ്ട്.
യുവതിയുടെ പരാതിയില്‍ ഭർത്താവിനും ഇയാളുടെ കുടുംബാംഗങ്ങളായ ഏഴുപേർക്കുമെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. അതേസമയം, ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നിലവില്‍ വീട്ടിലെ നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. യുവതിയുടെ ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു.

















