പി ജെ ഫ്രാൻസിസ് എന്ന ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാവ് 1996 ല്‍ ജയന്റ് കില്ലറായി നിയമസഭയില്‍ എത്തുമ്ബോള്‍, കേരള രാഷ്ട്രീയം മറ്റൊരു വഴിത്തിരിവിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു. കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഭരണം ലഭിച്ച രാഷ്ട്രീയ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ വ്യക്തിത്വം പരാജയപ്പെടുന്ന സാഹചര്യം. പാർട്ടിയുടെ കരുത്തുറ്റ കോട്ടയായ മാരാരിക്കുളത്ത് വി എസ് അച്യുതാനന്ദനെ പരാജയത്തിലേക്ക് തള്ളിവിട്ടത് സിപിഎമ്മിൽ നിന്ന് തന്നെയുള്ള ചതിപ്രയോഗം ആയിരുന്നു എന്നാണ് ചരിത്രം വിലയിരുത്തിയിട്ടുള്ളത്. അക്ഷരാർത്ഥത്തിൽ പിന്നിൽ നിന്നേറ്റ കുത്ത്.1996 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍, പരാജിതനായ പടനായകനും ജയിച്ച പടയും എന്നതായിരുന്നു എല്‍ ഡി എഫിന്റെ അവസ്ഥ.

അന്ന് വി എസ്സിനെ തോല്‍പ്പിച്ച്‌ നിയമസഭയില്‍ കന്നിക്കാരനായി എത്തിയ പി ജെ ഫ്രാൻസിസ് കഴിഞ്ഞ മാസം (ജൂൺ) 18 ന് വിടപറഞ്ഞു, ഒരു മാസം പിന്നിടുമ്ബോള്‍ ആ തോല്‍വിയില്‍ നിന്ന് ഉയിർത്തെഴുന്നേറ്റ്, പകരംവെക്കാനില്ലാത്ത നേതാവായി വി എസ്സും മാറി.കേരള രാഷ്ട്രീയത്തില്‍ ആലപ്പുഴയ്ക്ക് പുറത്ത് താരതമ്യേന അപ്രശസ്തനായിരുന്നു പി ജെ ഫ്രാൻസിസ് എന്ന കോണ്‍ഗ്രസ് നേതാവ്. ജയിച്ചപ്പോഴും എതിർസ്ഥാനാർത്ഥിയുടെ പേരില്‍ അറിയപ്പെട്ട നേതാവായിരുന്നു അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1987 ലും 1991 ലും അരൂരില്‍ കെ. ആർ ഗൗരിയമ്മയോട് പരാജയപ്പെട്ട ഫ്രാൻസിസിനെ 1996ല്‍ മാരാരിക്കുളത്ത് മത്സരിക്കാനയക്കുമ്ബോള്‍ കോണ്‍ഗ്രസോ ഫ്രാൻസിസോ തോല്‍വിയല്ലാതെ മറ്റൊന്നും ആലോചിച്ചിട്ടു പോലുമില്ലായിരിക്കണം. അതിന് പല കാരണങ്ങളുണ്ടായിരുന്നു. ഒന്ന് മാരാരിക്കുളം സിപി എമ്മിന് ഏറെ സ്വാധീനമുള്ള മണ്ഡലം. പ്രതിപക്ഷനേതാവായ വി എസ്സിന്റെ സിറ്റിങ് സീറ്റ്, യുഡിഎഫ്, പ്രത്യേകിച്ച്‌ കോണ്‍ഗ്രസ് പലവിധ പ്രശ്നങ്ങളില്‍ പെട്ട് ഉഴറുന്നകാലം. കരുണാകരൻ മാറി ആന്റണി മുഖ്യമന്ത്രിയായിട്ടും കാര്യങ്ങളൊന്നും വരുതിയിലാകാതെ പോകുന്നു. ശിവഗിരിയില്‍ പൊലീസ് കയറിയത്, സൂര്യനെല്ലി, ചാരക്കേസ്, അഴിമിതിയാരോപണങ്ങള്‍ എന്നിങ്ങനെ യു ഡി എഫിനെ വേട്ടയാടുന്ന കാര്യങ്ങള്‍ നിരവധി.

മറുവശത്താണെങ്കില്‍ സിറ്റിങ് സീറ്റ്, സർക്കാരിനെതിരെ പാമോയിലും ഇടമലയാറും സൂര്യനെല്ലിയും ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിയമസഭയ്ക്കതത്തും പുറത്തും വി എസ് നടത്തുന്ന സമരങ്ങള്‍. കയർ, കശുവണ്ടി മേഖലയും ചാരായനിരോധനവുമായി ബന്ധപ്പെട്ട തൊഴില്‍ വിഷയങ്ങളിലും വി എസ് നടത്തിയ ഇടപെടല്‍. ഇതിലൊക്കെ സി പി എം എന്ന പാർട്ടിയുടെ റോള്‍ ഉണ്ടെങ്കിലും വി എസ് എന്ന വ്യക്തിക്ക് അതിലുള്ള റോള്‍ അതിലേറെയായിരുന്നു. അത് അന്നത്തെ മാധ്യമങ്ങളില്‍ വി എസ്സിന് അനുകൂലമായും പ്രതികൂലമായുമുള്ള വാർത്തകളായും കാർട്ടുണുകളായും ഒക്കെ കാണാനാകും.ഇങ്ങനെ വി എസ് നിറഞ്ഞുനില്‍ക്കുന്ന കാലമായിരുന്നു. അന്ന് തൊഴിലാളികള്‍ക്ക് മുൻതൂക്കമുള്ള മാരാരിക്കുളം മണ്ഡലത്തില്‍, വി എസ്സിനെതിരെ തോല്‍ക്കുക എന്നത് മാത്രമാണ് വിധി എന്ന് കരുതി മത്സരിക്കാനിറങ്ങിയതായിരുന്നു പി ജെ ഫ്രാൻസിസ്. എന്നാല്‍, വിധി മറിച്ചായി.

1965 വോട്ടുകള്‍ക്കാണ് മാരാരിക്കുളത്ത് നിന്ന് ഫ്രാൻസിസ് ജയിച്ചത്. 1991 ല്‍ യു ഡിഎഫ് അനുകൂല തരംഗം ആഞ്ഞടിച്ചപ്പോള്‍ പോലും വി എസ് പതിനായിരത്തോളം(9,980) വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് മാരാരിക്കുളം.എന്നാല്‍, സി പി എമ്മില്‍ അന്ന് നിലനിന്നിരുന്ന വിഭാഗീയത വി എസ്സിന് തിരിച്ചടിയാവുകയായിരുന്നു. പാർട്ടിയിലെ എതിർപക്ഷം നീക്കിയ കരുക്കളിലാണ് മാരാരിക്കുളത്ത് 1996 ല്‍ വി എസ് തോറ്റതെന്ന് പിന്നീട് സിപി എം കണ്ടെത്തി. ഇതിന്റെ പേരില്‍ ഏരിയാ സെക്രട്ടറിയായിരുന്ന സി.കെ. ഭാസ്കരനെയും ജില്ലാ നേതാവായിരുന്ന ടി.കെ.പളനിയെയും ബ്രാഞ്ചിലേക്ക് തരം താഴ്ത്തി.

ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയായിരിക്കെയാണ് പി ജെ ഫ്രാൻസിസ് കോണ്‍ഗ്രസിലെ സജീവ പ്രവർത്തകനായി മാറുന്നത്. എറണാകുളം ലോ കോളജില്‍ നിന്ന് നിയമബിരുദം നേടി ആലപ്പുഴ കോടതിയില്‍ 35 വർഷം അഭിഭാഷകനായിരുന്നു അദ്ദേഹം. ആലപ്പുഴ നഗരസഭയില്‍ 1979-1982 കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു ഫ്രാൻസിസ്. ജില്ലാ സ്പോർട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം, ഐഎൻടിയുസി- കെഎസ്‌ഇബി യൂണിയൻ പ്രസിഡന്റ്, ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ്, കെ പി സി സി അംഗം എന്ന നിലകളില്‍ പ്രവർത്തിച്ചു. ‌ എ.കെ. ആന്റണി ഗ്രൂപ്പിനോടൊപ്പം നിന്നിരുന്ന ഫ്രാൻസിസ് പിന്നീട് പാർട്ടിയില്‍ നിന്നും അകന്നു, സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക