നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി എട്ടു മാസം മാത്രമാണ് ബാക്കി. പതിനഞ്ചാം നിയമസഭയുടെ കാലയളവില്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാതായത് എല്‍ഡിഎഫിലേയും യുഡിഎഫിലേയും അതികായര്‍. രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, രണ്ട് താല്‍ക്കാലിക മുന്‍ മുഖ്യമന്ത്രിമാര്‍, രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിമാര്‍…അങ്ങനെ സംസ്ഥാന രാഷ്ട്രീയത്തിലെ അതികായര്‍ ചരിത്രമായി.
പതിറ്റാണ്ടുകളോളം ഇടത് വലതുമുന്നണികളുടെ നായകന്മാരായി പരസ്പരം ഏറ്റുമുട്ടിയവരാണ് ഉമ്മൻചാണ്ടിയും അച്യുതാനന്ദനും. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ രണ്ടുവട്ടവും അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നെങ്കിൽ അച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലഘട്ടത്തിൽ ഉമ്മൻചാണ്ടിയായിരുന്നു പ്രതിപക്ഷ നേതാവ്. 2004ല്‍ ആന്റണി മുഖ്യമന്ത്രി പദം ഒഴിഞ്ഞ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്നതോടെയാണ് ഇരുവരും ആദ്യമായി നേർക്കുനേർ വന്നത്. 2006 മുതല്‍ 2011 വരെ വി എസ് മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവും. 2011ല്‍ കാലചക്രം വീണ്ടും കറങ്ങി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. വി എസ് പ്രതിപക്ഷ നേതാവും.
2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവുമായപ്പോൾ ഭരണ പ്രതിപക്ഷ നിരയിലെ മുതിർന്ന അംഗങ്ങളായി വിഎസും ഉമ്മന്‍ചാണ്ടിയും എംഎല്‍എമാരായിരുന്നു. പതിനാലാം നിയമസഭയില്‍ രണ്ട് മുന്‍മുഖ്യമന്ത്രിമാര്‍ ഇടം പിടിച്ചെന്ന പ്രത്യേകതയുമുണ്ടായി.
വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണനും ഈ കാലത്ത് തന്നെ വിട്ടകന്നു. 2022 ഒക്ടോബര്‍ 1ന്. 2023 ഡിസംബര്‍ 8ന് സിപിഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാനം രാജേന്ദ്രന്‍ അന്തരിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേയും നയിച്ച സംസ്ഥാന സെക്രട്ടറിമാരായിരുന്നു ഇരുവരും.
മുഖ്യമന്ത്രിമാര്‍ വിദേശ ചികിത്സയ്ക്ക് പോയ സമയത്ത് മുഖ്യമന്ത്രിയുടെ ചുമതല വഹിച്ച രണ്ട് ആക്ടിങ് മുഖ്യമന്ത്രിമാരും വിടവാങ്ങിയത് ഈ നിയമസഭയുടെ കാലയളവിലാണ് വക്കം പുരുഷോത്തമനും സി വി പത്മരാജനും. 2023 ജൂണ്‍ 31നാണ് വക്കം പുരുഷോത്തമന്‍ അന്തരിച്ചത്. 2025 ജൂലൈ 16ന് ആയിരുന്നു സി വി പത്മരാജന്റെ അന്ത്യം. 2006ല്‍ ലോക സാമ്ബത്തിക ഫോറത്തിന്റെ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിക്കേറ്റ് വിശ്രമത്തിലായിരുന്നപ്പോള്‍ വക്കം പുരുഷോത്തമനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചത്. 1992ല്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് കാര്‍ അപകടം പറ്റിയ സമയത്തായിരുന്നു സി വി പദ്മരാജന്‍ ആക്ടിങ് മുഖ്യമന്ത്രിയായത്. ആദര്‍ശ രാഷ്ട്രീയത്തിന്റെ പര്യായങ്ങളായ പി ടി തോമസും തെന്നല ബാലകൃഷ്ണപിള്ളയും വിട പറഞ്ഞതും ഇതേ കാലയളവില്‍ തന്നെ.

















