വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഹർജിക്കാരിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. വിവാഹേതര ബന്ധം പുലർത്തിയതിന് നടപടി നേരിടേണ്ടി വരുമെന്ന് കോടതി താക്കീത് നല്‍കി.വിവാഹം കഴിക്കാമെന്ന വ്യാജ വാഗ്ദാനം നല്‍കി യുവാവ് തന്റെ കക്ഷിയുമായി ലൈംഗിക ബന്ധം തുടർന്നുവെന്ന് സ്ത്രീയുടെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.

ഇതിനോട് കോടതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, ‘വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നിങ്ങള്‍. പക്വതയുള്ള വ്യക്തിയുമാണ്. വിവാഹത്തിന് പുറത്തുള്ള ഒരു ബന്ധം എങ്ങനെയായിരിക്കുമെന്ന ബോധ്യം നിങ്ങള്‍ക്കുണ്ടായിരുന്നു’ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ. കൊടീസ്വാർ സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.വിവാഹ വാഗ്ദാനം നല്‍കി അയാള്‍ പലതവണ ഹോട്ടലുകളിലേക്കും റെസ്റ്റ് ഹൗസുകളിലേക്കും ലൈംഗികബന്ധത്തിനായി വിളിച്ചുവരുത്തിയെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അയാള്‍ വിളിച്ചപ്പോഴെല്ലാം എന്തിനാണ് നിങ്ങള്‍ ആവർത്തിച്ച്‌ ഹോട്ടലുകളിലേക്ക് പോയതെന്ന് ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതിലൂടെ നിങ്ങളും കുറ്റം ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോയെന്നും കോടതി ചോദിക്കുകയുണ്ടായി. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് സുപ്രീംകോടതി സ്ത്രീയുടെ ഹർജി തള്ളി. യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ച പട്ന ഹൈക്കോടതിയുടെ നടപടി ശരിയാണെന്നെന്നും വ്യക്തമാക്കി.

സ്ത്രീ ബലാത്സംഗ പരാതി നല്‍കിയതിനെ തുടർന്ന് മുൻകൂർ ജാമ്യത്തിനായി അങ്കിത് ബണ്‍വാള്‍ എന്ന യുവാവ് വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയിലെത്തിയാണ് മുൻകൂർ ജാമ്യം സ്വന്തമാക്കിയത്. 2016-ലാണ് അങ്കിത് സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലാകുന്നത്. അങ്കിതിന്റെ സമ്മർദ്ദത്തിന് വഴങ്ങി താൻ ഭർത്താവില്‍നിന്ന് വിവാഹ മോചനം നേടിയെന്ന് യുവതി പറയുന്നു. മാർച്ചില്‍ വിവാഹ മോചനത്തില്‍ കുടുംബ കോടതി അനുമതി നല്‍കുകയും ചെയ്തു.

വിവാഹം മോചനം ലഭിച്ചതിന് പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അങ്കിതിനെ സമീപിച്ചപ്പോള്‍ അയാള്‍ വിസമ്മതിച്ചുവെന്നും സ്ത്രീ പറയുന്നു. തുടർന്നാണ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്നാരോപിച്ച്‌ പോലീസില്‍ പരാതി നല്‍കിയത്. വിവാഹ മോചനത്തിന് ശേഷം അങ്കിത് പരാതിക്കാരിയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാള്‍ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക