സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളി വസന്തയെയാണ് അക്ഷയ മനോജിന്റെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തത്.
എസ്‌എഫ്‌ഐ ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് സമരത്തിന്റെ ഭാഗമായി സ്കൂളില്‍ പഠിപ്പ് മുടക്കാനായിരുന്നു എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്കൂളിലെത്തിയത്. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍. എസ്‌എഫ്‌ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് സമരത്തിൻ്റെ ഭാഗമായാണ് പുറത്തുനിന്നുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകരടക്കം സ്കൂളിലെത്തിയത്. ഉച്ചഭക്ഷണം തയ്യാറായാല്‍ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞാണ് പ്രവർത്തകർ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തത്.
സമരമായതിനാല്‍ ക്ലാസ്സില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാല്‍, പാചകത്തൊഴിലാളി വസന്ത ഇതിനെ എതിർത്തതോടെ ഇവരുമായി വാക്കേറ്റമുണ്ടായി. പിന്നാലെ വേവിക്കാൻ എടുത്ത അരി പ്രവർത്തകർ തട്ടിക്കളയുകയായിരുന്നു.പാചകത്തൊഴിലാളിയായ വസന്തയുടെ പരാതിയിലാണ് പൊലീസ് അക്ഷയക്കെതിരേ കേസെടുത്തത്. കൈ തട്ടിമാറ്റിയപ്പോള്‍ ചൂടുവെള്ളം കാലില്‍വീണ് പൊള്ളലേറ്റെന്നും ഇവരുടെ പരാതിയിലുണ്ട്.
എസ്‌എഫ്‌ഐ സംസ്ഥാനസെക്രട്ടറി ഉള്‍പ്പെടെ 30 പ്രവർത്തകരെ പോലീസ് റിമാൻഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാനവ്യാപകമായി എസ്‌എഫ്‌ഐ പഠിപ്പുമുടക്കിയത്. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരം അക്രമാസക്തമായതോടെയാണ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

















