കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിക്കാനിടയായ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെച്ചേക്കും എന്ന് സൂചന. തകർന്നുവീണത് ഉപയോഗശൂന്യമായ കെട്ടിടം ആണെന്നും ആളുകൾ കുടുങ്ങിക്കിടക്കുന്നില്ല എന്നും ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനവും കാര്യക്ഷമമായിരുന്നില്ല. പിന്നീട് രണ്ടരമണിക്കൂറുകൾക്ക് ശേഷം ജെസിബി എത്തിച്ചു നടത്തിയ പരിശോധനയിലാണ് കുടുങ്ങിക്കിടക്കുന്ന സ്ത്രീയെ കണ്ടെത്തിയതും അവർ മരണത്തിന് കീഴടങ്ങിയതും.

തന്റെ ഭാര്യയെ കാണാനില്ല എന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ് അധികൃതരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. തകർന്നുവീണ കെട്ടിടത്തിന്റെ ശുചിമുറിയിലേക്ക് ബിന്ദു കുളിക്കാനായി പോയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് കെട്ടിടത്തിൽ ആരുമില്ല എന്ന മുൻവിധിയിലേക്ക് മന്ത്രിയെത്തിയതും പ്രഖ്യാപനം നടത്തിയതും. ആരോഗ്യമന്ത്രി വീണ ജോർജിനെ കൂടാതെ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി എൻ വാസവനും ഇതേ നിലപാടാണ് ആവർത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീണ ജോർജിനും, വാസവനും എതിരെ കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർത്തുന്നുണ്ട്. അതിനാൽ തന്നെ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുഖം രക്ഷിക്കാനും വീണ ജോർജിനെ കൊണ്ട് രാജിവെപ്പിക്കാനുള്ള നീക്കങ്ങളും സജീവമാകുന്നുണ്ട്. വിഷയം അധികം വഷളാക്കാതെ പരിഹരിക്കണം എന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി നൽകിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് വീണ ജോർജിന്റെ രാജിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്.

സൂപ്രണ്ടിനെ ബലിയാടാക്കാൻ നീക്കം?

ഇതിനിടെ രക്ഷാ പ്രവര്‍ത്തനം വൈകിയെന്ന വിഷയത്തില്‍ ആശയക്കുഴപ്പത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ടും രംഗത്തെത്തി. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ ആരുമില്ലെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പരാമര്‍ശം താന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ പ്രതികരിച്ചു. ആരും അപകടത്തില്‍പ്പെട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രതികരണം രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചു എന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിക്കുന്നതിനിടെയാണ് ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം.

കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന തന്റെ ആദ്യ പ്രതികരണം വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്ന് നേരത്തെ ആരോഗ്യ മന്ത്രിയും വിശദീകരിച്ചിരുന്നു. സ്ഥലത്ത് എത്തിയപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന വിവരമാണ് ലഭിച്ചത്. അതേവിവരം മാധ്യമങ്ങളോട് പങ്കുവെക്കുകയായിരുന്നു എന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിനെ സാധുകരിക്കുന്നതാണ് ഇപ്പോള്‍ ആശുപത്രി സൂപ്രണ്ട് നല്‍കുന്ന വിശദീകരണവും.

ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂർ; നഷ്ടപരിഹാരം നൽകണമെന്ന നിർദ്ദേശവുമായി ചാണ്ടി ഉമ്മൻ

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം എംഎൽഎയും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തി. മന്ത്രിമാരുടെ അനാസ്ഥയാണ് രക്ഷാപ്രവർത്തനം രണ്ടരമണിക്കൂർ വൈകാൻ കാരണമെന്നും തിരുവഞ്ചൂർ ആരോപിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും മകൾക്ക് സർക്കാർ ജോലി നൽകണമെന്നുമുള്ള ആവശ്യമാണ് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ മുന്നോട്ട് വെച്ചത്.

ബിന്ദുവിന് സംഭവിച്ചത്

വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിനു വേണ്ടിയാണു തകർന്നു വീണ പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്കു ബിന്ദു എത്തിയതെന്നാണു വിവരം. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിനു ശേഷമാണു പുറത്തെടുത്തത്. അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നവമി പറഞ്ഞതോടെയാണു ബിന്ദുവിനായി തിരച്ചില്‍ ആരംഭിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിശ്രുതന്‍ ആണ് ബിന്ദുവിന്റെ ഭർത്താവ്. മകള്‍ നവമി ആന്ധ്രയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക