ഡാർക്ക് വെബിലൂടെ കേരളം കേന്ദ്രീകരിച്ച്‌ മയക്ക് മരുന്ന് വ്യാപാരം നടത്തിയ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ന്റെ അറസ്റ്റില്‍ ഞെട്ടി നാട്ടുകാരും വീട്ടുകാരും. മാന്യനും സൗമ്യനുമായ ഈ അന്തർമുഖനായ ചെറുപ്പക്കാൻ നർക്കോട്ടിക്‌സ് കണട്രോൾ ബ്യൂറോ അന്വേഷിക്കുന്ന മയക്ക്മരുന്ന് രാജാവാണെന്ന ബോധ്യം ആർക്കുമുണ്ടായിരുന്നില്ല. കോടികളുടെ ഇടപാട് നടത്തുമ്ബോഴും വളരെ ‘കൂളായി’ ഇരുന്ന എഡിസണ് വിനയായത് ഒരിക്കലും താൻ പിടിക്കപ്പെടില്ലെന്ന അമിതമായ ആത്മവിശ്വാസമാണ്.

എറണാകുളം ജില്ലയിലെ എൻജിനീയറിങ് കോളജില്‍നിന്ന് മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ബെംഗളൂരു, പുണെ തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച കമ്ബനികളിലായിരുന്നു ജോലി. അക്കാലത്താണ് ലഹരി ഇടപാടുകള്‍ തുടങ്ങിയത്.തുടക്കത്തില്‍, ആവശ്യക്കാരെ കണ്ടെത്തി ചെറിയ തോതില്‍ നേരിട്ടു വില്‍പന നടത്തുന്ന രീതിയായിരുന്നു എഡിസണുണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാട്ടില്‍ തിരിച്ചെത്തി ആലുവയില്‍ ഒരു റസ്റ്ററന്റ് തുറന്നു. എന്നാല്‍ കോവിഡ് സമയത്ത് അത് അടച്ചു.പിന്നീടാണ് മൂവാറ്റുപുഴയിലെ വീട് കേന്ദ്രീകരിച്ച്‌ വലിയ തോതില്‍ ലഹരിയിടപാടു തുടങ്ങിയത്. വൻതോതിലുള്ള കച്ചവടത്തിന് ഇയാള്‍ തിരഞ്ഞെടുത്തത് ഡാർക്ക് വെബായിരുന്നു. ഇവർക്കാർക്കും ഇയാളുടെ ഇടപാടുകളെപ്പറ്റി അറിയില്ലായിരുന്നെന്നും എൻ.സി.ബി(നർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) വൃത്തങ്ങള്‍ പറയുന്നു.കഴിഞ്ഞ രണ്ടു വർഷമായി ഡാർക്ക്‌നെറ്റ് മാർക്കറ്റുകളില്‍ സജീവമായ എഡിസണ്‍ അതിനും നാലു വർഷം മുമ്ബ് തന്നെ ലഹരിയിടപാടുകള്‍ തുടങ്ങിയിരുവെന്നാണ് അനുമാനിക്കപ്പെടുന്നത്.ചെറിയ കച്ചവടങ്ങളില്‍ നിന്നും മികച്ച വരുമാനമുണ്ടായതോടെയാവാം വലിയ കച്ചവടത്തിലേക്ക് തിരിയാൻ ഇയാളെ പ്രേരിപ്പിച്ചതെന്നും കരുതപ്പെടുന്നു. മിക്ക ഇടപാടുകാരെയും പോലെ ഇതിലെ ലാഭമാണ് ഇയാളെ കച്ചവടത്തില്‍ ആകൃഷ്ടനാക്കിയിട്ടുള്ളത്.

രണ്ടു വർഷമായി, ഡാർക്ക്‌നെറ്റ് വഴി വൻതോതില്‍ ലഹരിമരുന്ന് എത്തിക്കുകയും അതു വീട് കേന്ദ്രീകരിച്ച്‌ വില്‍ക്കുകയുമായിരുന്നു ഇയാള്‍ ചെയ്ത് വന്നിരുന്നത്. വീട് റെയ്ഡ് ചെയ്തപ്പോള്‍ 847 എല്‍.എസ്.ഡി സ്റ്റാംപുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപയുടെ ക്രിപ്‌റ്റോകറൻസിയും പിടികൂടി.പുറംലോകത്തിന് അജ്ഞമെങ്കിലും ലഹരി ഇടപാടില്‍ ഡാർക്ക്‌നെറ്റില്‍ രാജ്യത്തെ തന്നെ മുൻനിരക്കാരനായിരുന്നു ‘ലെവല്‍ 4’ല്‍ എത്തിയ എഡിസണ്‍.ലോകത്തിലെ ഏറ്റവും വലിയ എല്‍.എസ്.ഡി ഇടപാടുകാരായ ഡോ.സീയൂസുമായി ബന്ധമുള്ള യു.കെയിലെ ഇടനില സംഘം ഗുംഗ ഡിൻ ആയിരുന്നു എഡിസണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഇവർ യു.കെയില്‍ നിന്നു തന്നെ പ്രവർത്തിക്കണമെന്നില്ലെന്നും ലോകത്ത് എവിടെ നിന്നും ഇതയച്ചിരിക്കാം എന്നുമാണ് എൻ.സി.ബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഒന്നരമാസം മുമ്ബാണ് മൂവാറ്റുപുഴ സ്വദേശിയായ എഡിസണ് ലഹരിമരുന്ന് ഇടപാടില്‍ പങ്കുണ്ടെന്ന് എൻ.സി.ബിയുടെ കൊച്ചി യൂണിറ്റിന് വ്യക്തമായത്. വ്യക്തമായ തെളിവുകളോടെ ഈ 35കാരനെ കുടുക്കാൻ എൻ.സി.ബി പതിനെട്ടടവും പുറത്തെടുക്കുകയായിരുന്നു.അരയും തലയും മുറുക്കി കാത്തിരുന്ന അന്വേഷണ സംഘത്തിന് മുന്നിലേക്ക് ജൂണ്‍ 28ന് കൊച്ചി ഫോറിൻ പോസ്റ്റ് ഓഫിസില്‍ എത്തിയ 3 പാഴ്‌സലുകള്‍ എഡിസണിലേക്കുള്ള വഴിതുറക്കുകയായിരുന്നു. 280എല്‍.എസ്.ഡി സ്റ്റാംപുകള്‍ അടങ്ങിയ പാഴ്‌സലുകള്‍ എത്തിയത് എഡിസണ്‍ന്റെ പേരിലായിരുന്നു.30ന് മൂവാറ്റുപുഴയിലെ എഡിസണ്‍ന്റെ വീട്ടിലെത്തിയ എൻ.സി.ബി സംഘം ഒരു കാര്യം അറിയാനുണ്ടെന്ന് പറഞ്ഞ് ഇയാളെ വീടിനു പുറത്തേക്കു വിളിക്കുകയായിരുന്നു. തങ്ങള്‍ എൻ.സി.ബി ഉദ്യോഗസ്ഥരാണെന്ന് വെളിപ്പെടുത്താതെ മറ്റ് കാര്യങ്ങള്‍ ചോദിച്ച സംഘത്തിന് മുന്നിലേക്ക് ഇറങ്ങിവന്ന ഇയാളെ തന്ത്രപരമായാണ് അന്വേഷണസംഘം കുടുക്കിയത്.പല കാര്യങ്ങളും ചോദിച്ച ശേഷം ഇതൊന്നുമല്ല തങ്ങള്‍ക്ക് അറിയേണ്ടത് കെറ്റാമെലോണിനെക്കുറിച്ചാണെന്ന് അവർ എഡിസണോട് പറഞ്ഞതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് എഡിസണ് മനസിലായത്. ഈ പേരില്‍ അതീവ രഹസ്യമായി താൻ ഡാർക്ക്‌നെറ്റില്‍ നടത്തുന്ന ലഹരിഇടപാട് ഇവർ അറിഞ്ഞുവെന്ന കാര്യം എഡിസണില്‍ ഞെട്ടലുളവാക്കി.അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന അയാള്‍ക്ക് പിടിക്കപ്പെടില്ലെന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്നു.

എന്നാല്‍ എഡിസണ്‍ന്റെ രഹസ്യാത്മകത തകർത്ത ‘ഓപ്പറേഷൻ മെലോണി’നെക്കുറിച്ചുള്ള എൻ.സി.ബി വൃത്തങ്ങളുടെ വെളിപ്പെടു ത്തലില്‍ തെളിയുന്നത് കേരളത്തില്‍ വേരുറപ്പിച്ച്‌ രാജ്യം മുഴുവൻ പടർന്ന ഒരു ലഹരിശൃംഖലയുടെ ചിത്രമാണ്.എഡിസണൊപ്പം മറ്റൊരു മൂവാറ്റുപുഴ സ്വദേശിയെയും എൻ.സി.ബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർഷങ്ങളോളം ശ്രമിച്ചാണ് എഡിസണ്‍ന്റെ നെറ്റ്‌വർക്കിലേക്കു നുഴഞ്ഞു കയറാൻ എൻ.സി.ബിക്കു കഴിഞ്ഞത്. വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് എഡിസണ്‍ പിന്നീട് ഒന്നും ഒളിച്ചുവെച്ചില്ല. എല്ലാം സമ്മതിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.ബിറ്റ്‌കോയിൻ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികളായിരുന്നു ഡാർക്ക്വെബില്‍ ആദ്യകാലത്ത് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വിവരങ്ങള്‍ കണ്ടെത്താൻ ഏറെ പ്രയാസമുള്ള മൊണേറോ പോലുള്ള ക്രിപ്‌റ്റോകളാണ് ഉപയോഗിക്കുന്നതെന്ന് എൻ.സി.ബി ചൂണ്ടിക്കാട്ടുന്നു.എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ട് എഡിസണ്‍ നടത്തിയ ഇടപാടുകള്‍ പുറത്തുവരുമ്ബോള്‍ ഞെട്ടുന്നത് കൊച്ചു കേരളം കൂടിയാണ്. തന്റെ തൊട്ടടുത്ത് നില്‍ക്കുന്നയാള്‍ ഇനി എഡിസണാവുമോയെന്ന സംശയം പലർക്കും ഉള്ളില്‍ ഉടലെടുത്തു കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക