തിരുവനന്തപുരം അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ കെട്ടിടം തകർന്ന് വീണ സംഭവത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ്.സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണതില്‍ മുൻ മന്ത്രി മറുപടി പറയണമെന്ന് വി വി രാജേഷ് പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ ഒരു കെട്ടിടം സ്കൂളില്‍ പ്രവർത്തിക്കുന്നുവെന്ന് കരുതി ആ സ്‌കൂളിനെ നോക്കാതിരിക്കാൻ ആകില്ല. കഴിഞ്ഞ വർഷം ജൂലൈയില്‍ നവീകരിച്ച കെട്ടിടമാണ് പൊളിഞ്ഞു വീണത്. പൊളിച്ചു കളയാൻ തീരുമാനിച്ച കെട്ടിടം ആരാണ് പൈതൃക നിർമിതിയായി നിലനിർത്തിയതെന്നും മേയർ ചോദിച്ചു. സംഭവത്തിൻ്റെ സമഗ്ര അന്വേഷണത്തിന് കോർപറേഷൻ കത്ത് നല്‍കുമെന്നും അശാസ്ത്രീയ നിർമാണത്തെപ്പറ്റിയും പണം ചെലവഴിച്ചതിനെപ്പറ്റിയും സമഗ്രമായ അന്വേഷണം വേണമെന്നും അദേഹം പറഞ്ഞു.
‘മൂന്ന് കോടി മുടക്കി നവീകരിച്ച കെട്ടിടമാണ് തകർന്ന് വീണത്. അതിന്‍റെ ശിലാഫലകം കെട്ടിടത്തില്‍ തന്നെയുണ്ട്. കോർപറേഷൻ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ നിർമിച്ചു കൊടുക്കുക എന്നത് കോർപറേഷന്റെ ഉത്തരവാദിത്തമാണ്. അത് ചെയ്തിട്ടുണ്ട്’ – മേയർ പറഞ്ഞു.
അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ കെട്ടിടത്തിലെ സര്‍വ ശിക്ഷാ അഭിയാന്റെ ഓഫീസ് കെട്ടിടത്തിന്റെ മുറിയുടെ മേല്‍ക്കൂരയാണ് ഇന്ന് വൈകിട്ട് 5.30ഓടെ തകര്‍ന്നു വീണത്. ജീവനക്കാരും വിദ്യാര്‍ത്ഥികളും ഇറങ്ങിയശേഷമാണ് അപകടമുണ്ടായതെന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഓടിട്ട കെട്ടിടമാണ് തകര്‍ന്നുവീണത്. ഫയര്‍ഫോഴ്‌സ് അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തി.













