കേരള രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച്‌ കൊണ്ടാണ് 2021ല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ഭരണം നേടിയത്. കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് ജനകീയനായ ക്യാപ്റ്റനിലേക്കുളള പിണറായിയുടെ പരിവർത്തനം ഇടതുപക്ഷത്തെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക് തിരിച്ചെത്തിച്ചതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2026ലും തങ്ങളുടെ സര്‍ക്കാര്‍ തുടരും എന്നാണ് ഇടതുക്യാമ്ബിന്റെ ആത്മവിശ്വാസം.

ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നില്ലെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. എന്നാല്‍ നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം ഭരണവിരുദ്ധ വികാരമുണ്ട് എന്നതിന് തെളിവാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. എന്തായാലും അടുത്ത വര്‍ഷം കേരളം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കും എന്ന് എസ് എന്‍ ന്യൂസ് എന്ന ഹിന്ദി യൂട്യൂബ് ചാനല്‍ അഭിപ്രായ സര്‍വ്വേയിലൂടെ പ്രവചിച്ചിരിക്കുകയാണ്. എല്‍ഡിഫ് ഹാട്രിക് അടിക്കുമെന്നാണ് പ്രവചനം. എന്നാല്‍ സീറ്റുകള്‍ കുറയും. നിലവില്‍ 99 സീറ്റുകള്‍ ഉളളത് 81 ആയി കുറയുമെങ്കിലും സര്‍ക്കാര്‍ വീഴില്ല. യുഡിഎഫ് സീറ്റ് നില മെച്ചപ്പെടുത്തി 56ലേക്ക് എത്തും. മറ്റൊരു ശ്രദ്ധേയമായ പ്രവചനം ബിജെപിയുടെ പ്രകടനം സംബന്ധിച്ചാണ്.ബിജെപി കേരള ചരിത്രത്തില്‍ ആദ്യമായി 3 നിയമസഭാ സീറ്റുകള്‍ നേടും എന്നാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.

ഏതൊക്കെ ജില്ലകളിലാണ് ബിജെപി അടക്കം ഓരോ മുന്നണികളും നേട്ടമുണ്ടാക്കുക എന്നത് എസ് എന്‍ ന്യൂസ് അഭിപ്രായ സര്‍വ്വേയില്‍ വിശദമായി തന്നെ പറയുന്നുണ്ട്.കാസര്‍ഗോഡ് ജില്ലയില്‍ യുഡിഎഫിനായിരിക്കും മുന്‍തൂക്കമെന്ന് സര്‍വ്വേ പറയുന്നു. ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും യുഡിഎഫ് വിജയം കാണും. എല്‍ഡിഎഫിന് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. ബിജെപിക്ക് സീറ്റൊന്നും ലഭിക്കില്ല. അതേസമയം കണ്ണൂര്‍ ജില്ലയിലെ ഒരു സീറ്റില്‍ ബിജെപി വിജയിക്കും എന്നാണ് ഈ സര്‍വ്വേ പ്രവചിക്കുന്നത്. കണ്ണൂരിലെ 11 മണ്ഡലങ്ങലില്‍ 5ല്‍ യുഡിഎഫും 4ല്‍ എല്‍ഡിഎഫും വിജയിക്കും.വയനാട്ടിലെ 3 സീറ്റുകളില്‍ 2 എണ്ണം യുഡിഎഫിനും 1 സീറ്റ് ഇടതുപക്ഷത്തിനും ലഭിച്ചേക്കും. മലപ്പുറം ജില്ലയിലും യുഡിഎഫ് മുന്നേറ്റം നടത്തുമെന്നും സര്‍വ്വേ പറയുന്നു. മലപ്പുറത്തെ 16 സീറ്റുകളില്‍ 12ല്‍ യുഡിഎഫും 4ല്‍ എല്‍ഡിഎഫും വിജയം കാണും.

അതേസമയം കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇടതുപക്ഷത്തിനായിരിക്കും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുക.കോഴിക്കോട് 13 നിയമസഭാ മണ്ഡലങ്ങള്‍ ആണുളളത്. ഇതില്‍ 8 എണ്ണത്തില്‍ ഇടതുമുന്നണി വിജയം കാണും. യുഡിഎഫിന് 5 സീറ്റുകളാവും ലഭിക്കുക. പാലക്കാട്ടെ 12 നിയമസഭാ സീറ്റുകളില്‍ 8 എണ്ണത്തില്‍ ഇടത് മുന്നണിയും 4 എണ്ണത്തില്‍ യുഡിഎഫും വിജയിക്കും.

മധ്യകേരളത്തിലേക്ക് വരുമ്ബോള്‍ എറണാകുളത്ത് യുഡിഎഫും തൃശൂരില്‍ എല്‍ഡിഎഫും നേട്ടമുണ്ടാക്കുമെന്ന് എസ് എന്‍ ന്യൂസിന്റെ സര്‍വ്വേ പ്രവചിക്കുന്നു.14 സീറ്റുകളുളള എറണാകുളത്ത് 9 എണ്ണത്തിലും യുഡിഎഫ് ആണ് വിജയം കൊയ്യുക. 5 സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനാവുക. തൃശൂരിലെ 13 സീറ്റുകളില്‍ 9 എണ്ണം എല്‍ഡിഎഫിനും 3 എണ്ണം യുഡിഎഫിനും ലഭിക്കും. തൃശൂര്‍ ലോക്‌സഭാ സീറ്റിലൂടെ കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് അക്കൗണ്ട് തുറന്ന ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ 1 സീറ്റ് പിടിക്കും എന്നും സര്‍വ്വേ പറയുന്നു.

ഇടുക്കിയിലെ 5 സീറ്റുകളില്‍ 4ല്‍ ഇടതുപക്ഷവും 1 സീറ്റില്‍ യുഡിഎഫും വിജയം കാണും. കോട്ടയത്തെ 9 സീറ്റുകളില്‍ 5ല്‍ എല്‍ഡിഎഫും 4ല്‍ യുഡിഎഫും വിജയം കാണും. ആലപ്പുഴയില്‍ എല്‍ഡിഎഫ് പതിവ് പോലെ വന്‍ മുന്നേറ്റം തുടരും. ആകെയുളള 9 സീറ്റുകളില്‍ 8 എണ്ണം എല്‍ഡിഎഫ് തൂത്തുവാരുമ്ബോള്‍ 1 സീറ്റാണ് യുഡിഎഫിന് ലഭിക്കുക. പത്തനംതിട്ടയില്‍ യുഡിഎഫിനെ സംപൂജ്യരാക്കിക്കൊണ്ടായിരിക്കും ഇടതുപക്ഷത്തിന്റെ മുന്നേറ്റം. ആകെയുളള 5 സീറ്റും എല്‍ഡിഎഫ് തന്നെ നേടും.

2026ല്‍ തിരുവനന്തപുരവും കൊല്ലവും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും. തിരുവനന്തപുരത്ത് 1 സീറ്റ് ബിജെപി ഒരിക്കല്‍ക്കൂടി നേടുമെന്നും സര്‍വ്വേ പറയുന്നു. ആകെയുളള 14 സീറ്റുകളില്‍ 9 സീറ്റ് എല്‍ഡിഎഫും 4 സീറ്റ് യുഡിഎഫും നേടും. കൊല്ലം ജില്ലയിലാകട്ടെ ആകെയുളള 11 സീറ്റുകളില്‍ 2 എണ്ണം യുഡിഎഫും 9 എണ്ണം എല്‍ഡിഎഫും നേടും എന്നും സര്‍വ്വേ പ്രവചിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക