കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. ഇന്നു രാവിലെയാണ് പൊലീസ് ആസ്ഥാനത്തെത്തി റവാഡ ചന്ദ്രശേഖർ അധികാരമേറ്റത്. പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ ബാറ്റണ്‍ ഏറ്റുവാങ്ങി. ഭാര്യാസമേതനായാണ് റവാഡ ചന്ദ്രശേഖർ അധികാരമേറ്റെടുക്കാനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്.
ഇന്നു പുലർച്ചെയാണ് റവാഡ ചന്ദ്രശേഖർ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയത്. പൊലീസ് ആസ്ഥാനത്തെ ചടങ്ങുകള്‍ പൂർത്തിയാക്കിയ ശേഷം രാവിലെ പത്തരയുടെ വിമാനത്തില്‍ അദ്ദേഹം കണ്ണൂരിലേക്ക് പോകും. പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷമുള്ള റവാഡ ചന്ദ്രശേഖറിൻ്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരാണ്.
തിങ്കാളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്. നേരത്തെ പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് സർക്കാർ സമർപ്പിച്ച പട്ടികയില്‍ നിന്നും മൂന്നു പേർ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടിക യുപിഎസ്‌സി സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. ഈ പട്ടികയില്‍ നിന്നാണ് മുഖ്യമന്ത്രി റവാഡ ചന്ദ്രശേഖറിനെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്. അതേസമയം, റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതിന് പിന്നാലെ സിപിഎമ്മില്‍ തർക്കം രൂക്ഷമാകുന്നു എന്നാണ് റിപ്പോർട്ട്. കൂത്തുപറമ്ബ് വെടിവെപ്പ് നടന്നപ്പോള്‍ പൊലീസ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖരെന്ന സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ പ്രതികരണം തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ രംഗത്തെത്തി. കൂത്തുപറമ്ബ് വെടിവെപ്പിന് കാരണക്കാരൻ റവാഡ ചന്ദ്രശേഖർ അല്ലെന്നായിരുന്നു എം വി ജയരാജന്റെ പ്രതികരണം. കൂത്തുപറമ്ബ് വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പ്രതികരണം പൂർണമായും തള്ളുന്നതാണ് എം വി ജയരാജൻറെ പ്രതികരണം. കൂത്തുപറമ്ബ് വെടിവെയ്പ്പ നടക്കുമ്ബോള്‍ കൂത്തുപറമ്ബിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സംഘത്തിലൊരാളാണ് റവാഡ ചന്ദ്രശേഖർ എന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചത് മെറിറ്റിന്റെ അടിസ്ഥാനത്തിലെന്നും പി ജയരാജൻ പറഞ്ഞിരുന്നു. നിയമനം വിശദീകരിക്കേണ്ടത് സർക്കാരാണെന്നും പി ജയരാജൻ പറഞ്ഞിരുന്നു. പട്ടികയിലുള്ള ഒരാളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിച്ചു. നിയമനം വിവാദമാക്കേണ്ടതില്ലെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
‘അന്ന് കൂത്തുപറമ്ബിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സംഘത്തിലൊരാളാണ് റവാഡ ചന്ദ്രശേഖർ. സർക്കാർ തങ്ങളുടെ മുന്നിലുള്ള പട്ടികയെ അടിസ്ഥാനമാക്കി തീരുമാനം എടുത്തതാണ്. തീരുമാനത്തില്‍ വിശദീകരണം നല്‍കേണ്ടത് സർക്കാരാണ്. കൂത്തുപറമ്ബ് വെടിവെപ്പിന് മുൻപ് നടന്ന സമരത്തില്‍ പങ്കെടുത്ത എം സുകുമാരനെ കസ്റ്റഡിയിലിരിക്കെ ഭീകരമായി തല്ലിച്ചതച്ച കേസില്‍ പ്രതിയായിരുന്നു പട്ടികയില്‍ ഒന്നാമതുള്ള നിതിൻ അഗർവാള്‍. എം സുകുമാരൻ നല്‍കിയ പരാതിയില്‍ നിതിൻ അഗർവാളിനെതിരെ കേസെടുത്തിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വർഷങ്ങള്‍ക്കിപ്പുറം റവാഡയെ നിയമിച്ചത്’, എന്നായിരുന്നു പി ജയരാജന്റെ പ്രതികരണം
.പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചതില്‍ പാർട്ടി സർക്കാരിനൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടിക്ക് മറ്റൊരു അഭിപ്രായമില്ല. കൂത്തുപറമ്ബ് വെടിവെപ്പ് കേസില്‍ റവാഡയെ കോടതി ഒഴിവാക്കിയത് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂത്തുപറമ്ബ് വെടിവെയ്പ്പിന് നിർദേശം നല്‍കിയ പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥനായ റവാഡയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയമായി പ്രശ്നമാകുമോയെന്ന തരത്തിലുള്ള ചർച്ചകള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം നേതാക്കളുടെ പ്രതികരണം വരുന്നത്.
റവാഡ ചന്ദ്രശേഖർ തലശ്ശേരി എ.എസ്.പി. ആയിരിക്കേയാണ് കൂത്തുപറമ്ബ് വെടിവെപ്പുണ്ടായത്. 1994 നവംബർ 25-ലെ കൂത്തുപറമ്ബ് വെടിവെപ്പില്‍ അഞ്ച് ഡിവൈഎഫ്‌ഐക്കാർ കൊല്ലപ്പെടുകയും പുഷ്പൻ ഉള്‍പ്പെടെ ആറുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിയേറ്റ് ശരീരം തളർന്ന് മൂന്നു പതിറ്റാണ്ട് കിടപ്പിലായിരുന്ന പുഷ്പൻ കഴിഞ്ഞ വർഷം സെപ്റ്റംബർ 28-നാണ് മരിച്ചത്.
റവാഡ ചന്ദ്രശേഖർ എഎസ്പിയായി നിയമിതനായതിന്റെ പിറ്റേന്നായിരുന്നു കൂത്തുപറമ്ബ് വെടിവെപ്പ്. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ട് മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിക്കാൻ കൂത്തുപറമ്ബിലെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരേ പൊലീസ് വെടിയുതിർക്കുകയായിരുന്നു. കൂത്തുപറമ്ബില്‍ അർബൻ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഘവൻ. ഇരമ്ബിയെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശി. തുടർന്ന് കല്ലേറും സംഘർഷവുമുണ്ടായി. കണ്ണീർവാതക ഷെല്ലുകളടക്കം പ്രയോഗിച്ചിട്ടും പ്രതിഷേധം നിലയ്ക്കാതായതോടെ പൊലീസ് നിറയൊഴിക്കുകയായിരുന്നു. അന്ന് അവിടെ പൊലീസിന്റെ നേതൃത്വം റവാഡയ്ക്കായിരുന്നു.

















