നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളേയും വിറപ്പിച്ച പ്രകടനത്തിന് പിന്നാലെ പ്രതിപക്ഷനേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി. സതീശന് വഴങ്ങാമെന്ന സൂചന നല്‍കി പി.വി. അൻവർ. നിലമ്ബൂരില്‍ പിണറായിസത്തിന്റെ അവസാന ആണിയടിക്കുമെന്ന് പ്രഖ്യാപിച്ച അൻവർ, മരുമോനിസത്തിന്റെ അടിവേരറുക്കാൻ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സിരിക്കാനും തയ്യാറാണെന്ന് പ്രഖ്യാപിച്ചു. വോട്ടെണ്ണി തീർന്നതിന് പിന്നാലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അൻവർ ഇക്കാര്യം അറിയിച്ചത്.
പ്രതിപക്ഷനേതാവിനോട് വ്യക്തിപരമായി വിരോധമില്ലന്നെും അൻവർ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്ബ് വി.ഡി. സതീശനെതിരേ നിശിതമായ ആരോപണങ്ങള്‍ ഉന്നയിച്ച അൻവർ, തന്നെ മുന്നണിയിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുണ്ടായത് വീഴ്ചയാണെന്ന് ഇത്തവണ ലഘൂകരിച്ചു. എന്നാല്‍, അത് തന്നെ അപമാനിക്കുന്നതിന് സമാനമായിരുന്നെന്ന് പറയാൻ വിമുഖതകാട്ടിയില്ല.
നേരത്തെ, തന്നെ മുന്നണിയില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകളില്‍ ബേപ്പൂർ സീറ്റ് വെച്ചുനീട്ടിയിരുന്നെന്ന് അൻവർ വെളിപ്പെടുത്തിയിരുന്നു. ആദ്യം മലമ്ബുഴ വാഗ്ദാനംചെയ്തെന്നും പിന്നീട് അത് ബേപ്പൂരായെന്നുമായിരുന്നു അന്ന് അൻവർ പറഞ്ഞത്. തന്റെ സിറ്റിങ് സീറ്റ് വിട്ടുനല്‍കിയാണ് എല്‍ഡിഎഫില്‍നിന്ന് പുറത്തുവന്നത്. അതിനാല്‍, തനിക്ക് വീണ്ടും നിയമസഭയില്‍ എത്താൻ ഒരു സിറ്റിങ് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, ഒട്ടും വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങള്‍ വാഗ്ദാനംചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അൻവർ സതീശനെതിരെ രംഗത്തെത്തിയത്. തുടർന്നാണ് നിലമ്ബൂരില്‍ മത്സരിക്കാൻ തീരുമാനിച്ചതും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിലായിരുന്നു അൻവറിന്റെ വെളിപ്പെടുത്തല്‍. ഇരുമുന്നണികളേയും ഞെട്ടിച്ച് 19760 വോട്ടുകളാണ് പി.വി. അൻവർ ഉപതിരഞ്ഞെടുപ്പില്‍ നേടിയത്. സ്വരാജിന് കിട്ടേണ്ടിയിരുന്ന ആര്യാടൻ ഷൗക്കത്ത് വിരുദ്ധവോട്ടുകളും, യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടേണ്ടിയിരുന്ന ഭരണവിരുദ്ധവോട്ടുകളും ഒരുപോലെ പി.വി. അൻവർ പിടിച്ചുവെന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന നിർദേശം യുഡിഎഫ് തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തോടെ, തന്റെ നിർദേശവും പിന്തുണയും സ്വീകരിച്ചിരുന്നെങ്കില്‍ കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാമായിരുന്നുവെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്താൻ അൻവറിന് സാധിക്കും.
ഷൗക്കത്ത് നിലമ്ബൂരില്‍ എം.എല്‍.എയാകുന്നത് തടയാൻ സകല അടവും പയറ്റിയിട്ടും അത് തടയാനായില്ല. ആ സ്ഥിതിക്ക് ഇനി യുഡിഎഫില്‍ കയറിപ്പറ്റിയാലും നിലമ്ബൂരില്‍ സീറ്റ് കിട്ടാനിടയില്ല. അത് കണക്കുകൂട്ടിയാണ് ബേപ്പൂർ അങ്കത്തിന് തയ്യാറാണെന്ന പ്രഖ്യാപനവും സതീശനോടും യുഡിഎഫിനോടുള്ള സമീപനത്തില്‍ അയവ് വരുത്തിയത്

















