കരുണാകരൻ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള കോൺഗ്രസ് നേതാക്കളെല്ലാം ജനമനസ്സിൽ സ്ഥാനമുറപ്പിച്ചത് അവർക്ക് മാത്രം സ്വന്തമായ ഒരു രാഷ്ട്രീയ ശൈലിയിലൂടെയാണ്. ഇന്നത്തെ കോൺഗ്രസിൽ ആ ശ്രേണിയിലേക്ക് ഉയർത്തി കാണിക്കാൻ ചുരുക്കം നേതാക്കളിൽ ഒരാൾ കെ.സി വേണുഗോപാൽ ആണെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ കഴിഞ്ഞത്. സ്ഥാനാർഥി പ്രഖ്യാപന നിമിഷം മുതൽ കോൺഗ്രസിനെ ആക്രമിക്കാൻ അവസരം നോക്കി നിൽക്കുകയായിരുന്ന രാഷ്ട്രീയ എതിരാളികളുടെയും ഭരണകൂട അടിമകളായ മാധ്യമങ്ങളുടെയും മുന്നിലേക്കാണ് യാതൊരു വിവാദത്തിനും ചെവി കൊടുക്കാതെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർണ്ണയിച്ചത്.
വിഎസ് ജോയിയെ അനുനയിപ്പിച്ച നേതാവ്
പാർട്ടിയിൽ ഭിന്നഭിപ്രായങ്ങൾ ഉയർന്നെങ്കിലും കെസി വേണുഗോപാലിൻറെ നിലപാടാണ് ഡൽഹിയിൽ നിന്നുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം അനായാസമാക്കിയത്. ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ജോയിയുടെ കൂടെ സമ്മതം ഉറപ്പ് വരുത്തുകയും മറ്റാരേക്കാളും സജീവമായി തിരഞ്ഞെടുപ്പിൽ ഷൗക്കത്തിന് വേണ്ടി പ്രവർത്തിക്കാൻ ജോയിയോട് നിർദ്ദേശിക്കുകയും ചെയ്തിടത്ത് നിന്നാണ് ഈ തിരഞ്ഞെടുപ്പിൽ കെ.സി വേണുഗോപാൽ കോൺഗ്രസിന്റെ വജ്രായുധമായി മാറുന്നത്. സമ്പൂർണ്ണ ഐക്യത്തോടെ നിലമ്പൂരിൽ കോൺഗ്രസിനെ കളത്തിലിറക്കാൻ കഴിഞ്ഞത് ഈ നീക്കങ്ങളുടെ ഫലമായിട്ടാണ്.
ക്ഷേമ പെൻഷൻ പരാമർശത്തിലൂടെ അജണ്ട നിശ്ചയിച്ച നേതാവ്
വിവാദങ്ങൾ ഭയന്ന് രാജാവ് നഗ്നനാണെന്ന് തുറന്നു പറയുവാൻ കോൺഗ്രസ് നേതാക്കൾ മടിച്ചുനിന്നിടത്താണ് തെരഞ്ഞെടുപ്പ് കാലത്ത് കൈക്കൂലി കൊടുക്കുന്നതു പോലെയാണ് സംസ്ഥാന സർക്കാർ ക്ഷേമപെൻഷൻ കുടിശ്ശിക അനുവദിക്കുന്നതെന്ന് തുറന്നുപറഞ്ഞത് കെസി വേണുഗോപാലാണ്. അതേറ്റുപിടിച്ച് ഇടതുമുന്നണിയും സിപിഎമ്മും മുന്നോട്ടു നീങ്ങിയപ്പോൾ പെൻഷൻ വിതരണത്തിനായി പെട്രോൾ ഡീസൽ സെസ് അടക്കം കോടികൾ പിരിച്ചെടുത്തിട്ടും മാസങ്ങളുടെ ക്ഷേമപെൻഷൻ കുടിശ്ശിക വരുത്തിയ സർക്കാരിന്റെ ഇരട്ടത്താപ്പ് ജനങ്ങൾക്കിടയിൽ ചർച്ചയാക്കുവാൻ കോൺഗ്രസിനു കഴിഞ്ഞു. വേണുഗോപാലിന്റെ പ്രസ്താവന ഏറ്റെടുത്ത് കടന്നാക്രമണവുമായി രംഗത്തെത്തിയ സിപിഎമ്മിന് ഇത് കനത്ത ആഘാതം ആയി മാറി. കോൺഗ്രസ് നിലപാട് വിഷയത്തിൽ ശരിയാണ് എന്ന് ജനങ്ങൾ കൂടി പറഞ്ഞതോടെ എഐസിസി ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ ശരിയാവുകയായിരുന്നു.
മുന്നണി നയതന്ത്രത്തിലെ ചാണക്യൻ
നിലമ്പൂരിൽ സംഘടനയ്ക്കും മുന്നണിക്കുമുള്ളിൽ ഉണ്ടായിരുന്ന സകല അസ്വാരസ്യങ്ങളെയും തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കൃത്യമായി ഇടപെട്ട് പരിഹരിക്കാൻ കെ.സി വേണുഗോപാലിന് കഴിഞ്ഞു. ലീഗ് നേതൃത്വവുമായി ഒട്ടനവധി കൂടിക്കാഴ്ചകൾ നടത്തി നിലമ്പൂരിൽ ആദ്യാവസാനം ലീഗിന്റെ ഏറ്റവും മികച്ച പ്രവർത്തനം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുവരുത്തി. അൻവർ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ സംസാരിച്ചതോടെ അയാളെ നേരിൽ കാണാൻ പോലും വിസ്സമ്മതിച്ചുകൊണ്ട് വ്യക്തി താല്പര്യങ്ങൾക്കും മുകളിലാണ് സംഘടനയെന്ന് സംശയമേതുമില്ലാതെ കെ.സി വേണുഗോപാൽ പ്രഖ്യാപിച്ചു. അൻവറിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫ് വോട്ടുകൾ ചോർത്തില്ല എന്ന് ഉറപ്പുവരുത്തുവാൻ പി കെ കുഞ്ഞാലിക്കുട്ടിയെ അടക്കം നിലമ്പൂരിൽ ക്യാമ്പ് ചെയ്യിക്കാൻ കഴിഞ്ഞതും വേണുഗോപാൽ നടത്തിയ മുന്നണി നയതന്ത്രത്തിന്റെ വിജയമാണ്.
കേരളത്തിലെ കോൺഗ്രസിൽ തലമുറ മാറ്റം യാഥാർത്ഥ്യമാക്കിയ നേതാവ്
ഒരു യുവ നേതൃനിരയെ കെപിസിസിക്ക് സമ്മാനിച്ച കെ.സി വേണുഗോപാലിന്റെ തീരുമാനം ഏറ്റവുമധികം പാർട്ടിക്ക് ഉപകാരപ്പെട്ട തിരഞ്ഞെടുപ്പ് കൂടിയാണ് നിലമ്പൂരിൽ കഴിഞ്ഞത്. ഷാഫിയും വിഷ്ണുനാഥും അനിൽകുമാറും അടങ്ങുന്ന യുവ നേതൃത്വം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലുടനീളം പലതവണ സർവ്വേകൾ നടത്തി. എവിടെയൊക്കെയാണ് സംഘടനാ തലത്തിൽ പോരായ്മകൾ ഉള്ളതെന്ന് കൃത്യമായി കണ്ടെത്തി അവിടെങ്ങളിലെല്ലാം പരിഹാരവുമായി കെ.സി വേണുഗോപാൽ നേരിട്ടെത്തി. സംഘടനയ്ക്ക് അവശ്യമായ തിരഞ്ഞെടുപ്പ് വിഭവങ്ങളും ദേശീയ നേതൃത്വത്തിന്റെ പിന്തുണയും കൃത്യമായി ഉറപ്പ് വരുത്തി. ശബ്ദകോലാഹലങ്ങളും അവകാശവാദം ഉന്നയിക്കലുമാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് കരുതിയിരുന്ന പലർക്കും മാതൃകയാക്കാവുന്ന പ്രവർത്തനം കൂടിയാണ് കെ.സി നിലമ്പൂരിൽ കാഴ്ചവച്ചത്. ബഹളങ്ങളോ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളോ ഇല്ലാതെ നിശബ്‌ദമായി അദ്ദേഹം മുന്നിൽ നിന്നും നയിച്ചു.
അവകാശവാദങ്ങൾ ഇല്ലാതെ വിജയം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പോരാളി
ചെയ്ത പ്രവർത്തനങ്ങളൊന്നും ഒരിടത്തും സ്വയം മേനിപറഞ്ഞു ആളാകാനുള്ള ശ്രമം നടത്തിയില്ല. തന്റെ പ്രവർത്തനങ്ങൾക്കും മേൽ എല്ലായിപ്പോഴും പ്രവർത്തകരുടെ അധ്വാനത്തെ ഉയർത്തികാണിച്ചു. രാജ്യത്ത് എവിടെയെങ്കിലും കോൺഗ്രസ് തോറ്റാൽ അതിന് എല്ലാവരും വഴി പറയുന്ന വേണുഗോപാലിനെ പാർട്ടിക്ക് നിർണായക വിജയങ്ങൾ ഉണ്ടാകുന്ന ഒരിടത്തും ആരും അഭിനന്ദിച്ചു കണ്ടിട്ടില്ല എന്നത് ഒരു വിരോധാഭാസമാണ്. അംഗീകാരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാത്തത് കൊണ്ട് ഒരിടത്തും അദ്ദേഹം അതിനെ കുറിച്ചൊരു പരിഭവവും പറഞ്ഞു കേട്ടിട്ടുമില്ല. ഇത്രത്തോളം സംഘടനയുമായി ഇഴകി ചേർന്നൊരു നേതാവിനെ കഴിഞ്ഞ ദശാബ്ദങ്ങളിലൊന്നും കോൺഗ്രസിന് ലഭിച്ചിട്ടില്ല. അവകാശവാദങ്ങൾ ഇല്ലാതെ പ്രസ്ഥാനത്തിന് വേണ്ടി രാപകലില്ലാതെ പ്രവർത്തിക്കുന്ന ഈ കെ.സി വേണുഗോപാൽ സ്‌കൂൾ ഓഫ് പൊളിറ്റിക്സിൽ കോൺഗ്രസിന്റെ ഭാവി സുരക്ഷിതമാണെന്ന് നിലമ്പൂർ തിരഞ്ഞെടുപ്പ് അടിവരയിടുന്നു.
ക്ഷേമ പെൻഷൻ പരാമർശത്തിലൂടെ അജണ്ട നിശ്ചയിച്ച നേതാവ്

















