സതീശനിസം എന്നൊന്നില്ലെന്ന് കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കള്‍ക്ക് ആവർത്തിച്ചുകൊണ്ടിരിക്കാം. പക്ഷേ, നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്ത് ജയമുറപ്പിക്കുമ്ബോള്‍, സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സതീശനിസത്തിന്‍റെ വിജയമായി തന്നെ അത് അടയാളപ്പെടുത്തും. പി.വി. അൻവറിനോട് ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ യുഡിഎഫിന്‍റെ പടിക്കു പുറത്തുനിർത്തിയത് വി.ഡി. സതീശന്‍റെ പിടിവാശി ആയിരുന്നില്ല, അതൊരു പ്രതിപക്ഷ നേതാവിന്‍റെ ആത്മവിശ്വാസമായിരുന്നു എന്ന് അടിവരയിടുന്നതാണ് നിലമ്ബൂരിലെ തെരഞ്ഞെടുപ്പ് ഫലം.
കെ. സുധാകരൻ എന്ന ‘കണ്ണൂർ സിംഹം’ പോലും കെപിസിസി പ്രസിഡന്‍റ് പദത്തില്‍ നിന്നു താഴെയിറങ്ങിയത് സതീശനുമായുള്ള ഉള്‍പ്പാർട്ടി പോരിന്‍റെ അനന്തരഫലമായിരുന്നു. സുധാകരൻ മാത്രമല്ല, രമേശ് ചെന്നിത്തലയും, കുഞ്ഞാലിഖ്കുട്ടിയും അടക്കമുള്ളവർ തെരഞ്ഞെടുപ്പില്‍ അൻവറിനെ കൂടെ കൂട്ടണമെന്നു കടുപ്പിച്ചു പറഞ്ഞിട്ടും വഴങ്ങാതെ നില്‍ക്കുകയായിരുന്നു സതീശൻ. പാർട്ടിയില്‍ പ്രതിപക്ഷ നേതാവിന്‍റെ ഏകാധിപത്യമാണെന്ന ആരോപണത്തെ സതീശൻ പതിവു പുച്ഛം കൊണ്ട് നേരിട്ടു.
അടവുനയങ്ങളെയും കോംപ്രമൈസ് പൊളിറ്റിക്സിനെയും പുറത്തുനിർത്തി സതീശൻ
അധികാരത്തിനു വേണ്ടി മുന്നണികള്‍ മാറിമാറി ചാടിക്കളിക്കുന്ന ഉത്തരേന്ത്യൻ മോഡല്‍ രാഷ്ട്രീയം ഇന്നു കേരളത്തിനും അന്യമല്ല. അടവ് നയമെന്ന പേരില്‍ എല്‍ഡിഎഫ് പ്രോത്സാഹിപ്പിച്ചു പോരുന്ന ഈ കളിയിലൂടെ സ്ഥാനാർഥിപ്പട്ടികയില്‍ അപ്രതീക്ഷിതമായി ഇടംപിടിച്ച പലരെയും കേരളം കണ്ടു. കടുത്ത പിണറായി വിമർശകനായിരുന്ന പി. സരിൻ പോലും ജ്ഞാനസ്നാനം ചെയ്ത് സഖാവ് സരിനായി, പാർട്ടി സ്ഥാനാർഥിയായി.
ഈ നാണംകെട്ട കളി നിലമ്ബൂരില്‍ കളിക്കാൻ ഏതായാലും താനില്ലെന്ന നിശബ്ദമായ പ്രഖ്യാപനം കൂടിയാണ് അൻവറിന്‍റെ കാര്യത്തില്‍ സതീശൻ സ്വീകരിച്ചത്.എന്തു വീട്ടുവീഴ്ച ചെയ്തിട്ടായാലും അൻവറിനെ കൂടെ കൂട്ടി നിലമ്ബൂർ പിടിക്കുക എന്ന എളുപ്പവഴി പല കോണ്‍ഗ്രസ് നേതാക്കളും മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ പോലും മുന്നോട്ടുവച്ചപ്പോഴും, വി.ഡി. സതീശൻ വഴങ്ങാതെ നിന്നത്, നിഷ്പക്ഷ വോട്ടർമാർക്കിടയില്‍ ആര്യാടൻ ഷൗക്കത്തിന്‍റെയും സതീശന്‍റെയും പ്രതിച്ഛായ വർധിപ്പിച്ചു എന്നു വേണം കരുതാൻ. ജയം ഉറപ്പുള്ള സീറ്റ് സതീശന്‍റെ നിർബന്ധബുദ്ധി കാരണം നഷ്ടപ്പെടാനുള്ള സാധ്യത പോലും പ്രവചിക്കപ്പെട്ടിരുന്നു എന്നതാണ് വാസ്തവം. എം. സ്വരാജിനെപ്പോലൊരു ശക്തനായ നേതാവിനെ പാർട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിച്ച് നിലമ്ബൂർ രാഷ്ട്രീയ പോരാട്ടത്തിനു തയാറായ സിപിഎമ്മിന്‍റെ ആത്മവിശ്വാസത്തിനു പിന്നിലും ഈ ഘടകം തന്നെയായിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം ആര്യാടന് അനുകൂലമായി നില്‍ക്കുമ്ബോൾ പാർട്ടിയിൽ വ്യക്തമായ ആധിപത്യമാണ് വി.ഡി. സതീശൻ നേടുന്നത്. കുറഞ്ഞ പക്ഷം തദ്ദേശ തെരഞ്ഞെടുപ്പ് വരെയെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തില്‍ ഇനി സതീശനായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നുറപ്പിക്കാം. ആര്യാടൻ ഷൗക്കത്തിനു പിന്തുണയില്ലെന്നും വി.എസ്. ജോയി കോണ്‍ഗ്രസ് സ്ഥാനാർഥിയാകണമെന്നുമായിരുന്നു അൻവറിന്‍റെ ആദ്യ ഡിമാൻഡ്.
എന്നാല്‍, അതു പരിഗണിക്കുക പോലും ചെയ്യാതെ, കെ സി വേണുഗോപാലിൻറെ സഹായത്തോടെ ഹൈക്കമാൻഡിനെ ഉൾപ്പെടെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മറ്റു മുന്നണികള്‍ക്കെല്ലാം മുൻപേ ആര്യാടനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു കോണ്‍ഗ്രസ്. എന്നിട്ടും മുന്നണി പ്രവേശനത്തിനു ശ്രമം തുടർന്ന അൻവറിനോട് സതീശൻ പറഞ്ഞത്, ആദ്യം ആര്യാടനു പിന്തുണ പ്രഖ്യാപിക്കാനാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മേല്‍വിലാസം ഒപ്പിച്ചെടുത്തിട്ടും വളഞ്ഞ വഴിക്കുള്ള മുന്നണി പ്രവേശനം പോലും അൻവറിന് അനുവദിക്കപ്പെട്ടില്ല. സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻറെ അകമഴിഞ്ഞ പിന്തുണയും വിഷയത്തിൽ നേടിയെടുക്കുവാൻ വി ഡി സതീശന് സാധിച്ചു
കെ. സുധാകരൻ കെപിസിസി പ്രസിഡന്‍റ് പദം വച്ചൊഴിഞ്ഞപ്പോള്‍ സ്വന്തം നോമിനിയായ സണ്ണി ജോസഫിനെ തന്നെ പകരം പ്രതിഷ്ഠിച്ചിരുന്നു. എന്നാല്‍, സുപ്രധാനമായൊരു ഉപതെരഞ്ഞെടുപ്പ് പിന്നിടുമ്ബോഴും പാർട്ടിയില്‍ തന്‍റെ സ്വാധീനം തെളിയിക്കാൻ സണ്ണിക്കു സാധിച്ചില്ല. അൻവറിന്‍റെ കാര്യത്തില്‍ സുധാകരന്‍റെ നിലപാട് പാർട്ടിയെക്കൊണ്ട് അംഗീകരിപ്പിക്കാനും കഴിഞ്ഞില്ല. അതേസമയം, ഉറച്ച നിലപാടില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ, തന്‍റെ സ്ഥാനാർഥിയെ ജയിപ്പിച്ചു കാണിച്ച വി.ഡി. സതീശൻ തത്കാലം പാർട്ടിയെക്കാള്‍ വലിയ നേതാവായി കേരളത്തില്‍ വളരുകയും ചെയ്തിരിക്കുന്നു.
വിജയം ലീഗിന്റെ കരുത്തിൽ, ജമാഅത്ത് അനുകൂല നിലപാട് തിരിച്ചടി ആകുമോ?
അതേസമയം, നിലമ്ബൂരില്‍ മുസ്ലിം ലീഗ് നടത്തിയ അക്ഷീണ പ്രയത്നം ആര്യാടന്‍റെ മുന്നേറ്റത്തില്‍ നിർണായകമായിട്ടുണ്ടെന്നതും വിസ്മരിക്കാനാവില്ല. പക്ഷേ, ഒരുകാലത്ത് എൻഎസ്‌എസിനെ വിമർശിച്ച് സുകുമാരൻ നായരുടെ അപ്രീതിക്കു പാത്രമായ സതീശൻ ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമിയെ പരോക്ഷമായി ന്യായീകരിക്കാൻ തയാറായത് ദീർഘകാലാടിസ്ഥാനത്തില്‍ എന്തു ഫലമുണ്ടാക്കുമെന്നു കണ്ടുതന്നെ അറിയണം.ഇത്തരം സമീപനങ്ങള്‍ സംസ്ഥാനത്തോ, കുറഞ്ഞ പക്ഷം മലബാർ മേഖലയിലോ, തുടരാനാണ് സതീശന്‍റെ തീരുമാനമെങ്കില്‍ മുസ്ലിം ലീഗിന്‍റെ എതിർപ്പ് ശക്തമാകുമെന്നു മാത്രമല്ല, മുസ്ലിം വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിനെതിരായി ഏകീകരിക്കപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കടുത്ത മുസ്ലിം വിരോധം വച്ചുപുലർത്തുന്ന ക്രിസ്ത്യൻ സംഘടനകളും ഇക്കാര്യത്തില്‍ സതീശനോട് പിണങ്ങും. അതുകൊണ്ടുതന്നെ, പ്രതിപക്ഷ നേതാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കാൻ പോകുന്ന നിലപാടുകളായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ഭാവി നിർണയിക്കുക എന്ന് അനുമാനിക്കാം.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാൻ ഫസ്റ്റ് ചോയ്സ്

















