ഒന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇക്കുറിയും ജനപ്രിയ പ്രഖ്യാപനങ്ങള്‍ പലതുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നികുതിദായകർക്കും ആശ്വാസമാകുന്ന നടപടികള്‍ കേന്ദ്രം സ്വീകരിച്ചേക്കുമെന്നാണ് സൂചന.കഴിഞ്ഞ തവണത്തെ ബജറ്റില്‍ ആദായ നികുതി വ്യവസ്ഥയില്‍ വൻ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി. ഇതിന് പുറമെ ശമ്പള വരുമാനക്കാർക്ക് 75,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷനും അനുവദിച്ചു.
ഇത്തവണത്തെ ബജറ്റില്‍ വിവാഹിതരായ നികുതിദായകർക്ക് വലിയ നികുതിയിളവുകള്‍ നല്‍കാനാണ് കേന്ദ്രസർക്കാർ പദ്ധതിയെന്നാണ് റിപ്പോർട്ടുകള്‍. ധനകാര്യ മന്ത്രാലയം തയ്യാറെടുക്കുന്ന ഓപ്‌ഷണല്‍ സംയുക്ത നികുതി വ്യവസ്ഥ പ്രകാരം ഭർത്താവിനും ഭാര്യക്കും ആദായനികുതി റിട്ടേണ്‍ ഒരുമിച്ച് ഫയല്‍ ചെയ്യാൻ അവസരം ലഭിക്കും. ഒറ്റ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഈ മാറ്റം ഏറെ പ്രയോജനകരമാവുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. നിലവില്‍ വരുമാനമില്ലാത്ത പങ്കാളിയുടെ നികുതി ഇളവുകളും ആനുകൂല്യങ്ങളും ഉപയോഗിക്കാൻ കഴിയാതെ വരുന്നത് ഉയർന്ന നികുതിഭാരത്തിന് കാരണമാകുന്നുണ്ട്.
നിലവിലെ നികുതി സമ്പ്രദായ പ്രകാരം വിവാഹിതർക്കും അവിവാഹിതർക്കും നികുതി അടക്കുന്നതില്‍ പ്രത്യേക ഇളവുകളൊന്നുമില്ല. ദമ്പതികളെ പ്രത്യേകം നികുതി ചുമത്തുന്നതിനാല്‍, വരുമാനമില്ലാത്ത പങ്കാളിയുടെ അടിസ്ഥാന നികുതി ഇളവുകള്‍ ഉപയോഗിക്കപ്പെടുന്നില്ല. കുടുംബത്തെ ഒറ്റ സാമ്പത്തിക യൂണിറ്റായി കരുതി സംയുക്ത നികുതി ഫയലിംഗ് അവതരിപ്പിക്കണമെന്ന നിർദ്ദേശം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ നിർദ്ദേശിച്ചിട്ടുണ്ട്. അമേരിക്കയിലും ജർമ്മനിയിലും ഈ രീതിയിലാണ് നികുതി സമ്പ്രദായം നടപ്പാക്കുന്നത്. സംയുക്ത നികുതി വ്യവസ്ഥയില്‍ ഭർത്താവിൻ്റെയും ഭാര്യയുടെയും വരുമാനം ഒരുമിച്ച് നികുതി ചുമത്തപ്പെടും. ഇത് അടിസ്ഥാന നികുതി ഇളവ് പരിധി ഉയർത്താനും, ഭവനവായ്പ പലിശ, മെഡിക്കല്‍ ഇൻഷുറൻസ് ഉള്‍പ്പെടെയുള്ള കിഴിവുകള്‍ കാര്യക്ഷമമാക്കാനും സഹായിക്കും.
രണ്ട് പങ്കാളികള്‍ക്കും വരുമാനമുണ്ടെങ്കില്‍ പോലും പ്രത്യേകം സ്റ്റാൻഡേർഡ് കിഴിവുകള്‍ക്ക് അർഹത നേടാനാകും.സർചാർജില്‍ ഇളവ് നല്‍കാനും സർക്കാർ ആലോചിക്കുന്നുണ്ട്. നിലവില്‍ 50 ലക്ഷം വരുമാനത്തിന് മുകളില്‍ സർചാർജ് ബാധകമാണ്. സംയുക്ത നികുതിയില്‍ ഈ പരിധി 75 ലക്ഷമോ അതിലധികമോ ആയി ഉയർത്താനുള്ള സാധ്യതയായിരിക്കും പരിശോധിക്കുക. ഇത് ഉയർന്ന നികുതി സ്ലാബില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ഈ നീക്കം വലിയ ആശ്വാസം നല്‍കും. ഈ നിർദ്ദേശം നടപ്പിലാക്കിയാല്‍ ഇന്ത്യയുടെ നികുതി സമ്പ്രദായത്തിലെ തന്നെ ചരിത്രപരമായ മാറ്റമായിരിക്കും അത്.

















