കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം സ്വന്തമാക്കി അഖില്‍ പി ധർമ്മജൻ. റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകത്തിനാണ് പുരസ്കാരം. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന പുസ്തകവും നേടി. മലയാള വിഭാഗത്തിലാണ് പുരസ്‌കാരങ്ങള്‍.
സോഷ്യല്‍ മീഡിയയിലും കൗമാരക്കാര്‍ക്കിടയിലും തരംഗമായ പുസ്തകമാണ് റാം കെയര്‍ ഓഫ് ആനന്ദി. റാമിന്റെയും ആനന്ദിയുടെയും പ്രണയം ഇരുകയ്യും നീട്ടിയാണ് പുതുതലമുറ സ്വീകരിച്ചത്. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാമാണ് നോവലിൻ്റെ ഇതിവൃത്തം.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചു.’സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല. അറിഞ്ഞപ്പോള്‍ മുതല്‍ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്. ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യർക്കും എൻ്റെ ഉമ്മകള്‍’ അഖില്‍ കുറിച്ചു.
തൃശൂർ ജില്ലയിലെ ചേർപ്പ് സിഎൻഎൻ ഗേള്‍സ് ഹൈസ്കൂള്‍ അദ്ധ്യാപകനാണ് നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത്. പാലറ്റ്, നയൻമൊനി, നിണവഴിയിലെ നിഴലുകള്‍, ആഫ്രിക്കൻ തുമ്ബികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നോവല്‍, കഥ, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.







