അജു വർഗീസ്, ലാല്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വെബ് സീരീസ് ആയിരുന്നു 2024ല്‍ ജിയോഹോട്ട്സ്റ്റാറിലൂടെ റിലീസിനെത്തിയ ‘കേരള ക്രൈം ഫയല്‍സ്’. എറെ ജനപ്രീതി നേടിയ സീരിസിന്റെ സീസണ്‍ 2 എത്തുകയാണ്. സീരിസിന്റെ പ്രൊമോഷനിടെ നടനും സംവിധായകനുമായ ലാല്‍ നടത്തിയ പരാമർശമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.
‘നടൻ ജഗതി ശ്രീകുമാർ ഷോട്ടിനിടെ പ്രതീക്ഷിക്കാത്ത ചില ഡയലോഗുകളും മാനറിസങ്ങളും കയ്യില്‍ നിന്ന് ഇട്ട് അഭിനയിക്കുമെന്ന് പറയാറുണ്ട്. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത രീതിയാണ്,’ എന്നാണ് ലാല്‍ പറയുന്നത്. സൈന പ്ലസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ലാലിന്റെ പരാമർശം.
“അമ്ബിളി ചേട്ടനെ പറ്റി ഏറ്റവും കൂടുതല്‍ പറയുന്ന കാര്യമാണ്, ഷോട്ട് എടുക്കുമ്ബോള്‍ അദ്ദേഹം, ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗുകള്‍ പറയുമെന്നും ചില മാനറിസങ്ങള്‍ കാണിക്കുമെന്നും. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ സംവിധായകൻ നിർബന്ധമായും പറയണം, ഒന്നുകില്‍ അതു പറഞ്ഞിട്ട് ചെയ്യണമായിരുന്നു അല്ലെങ്കില്‍ നന്നായിരുന്നു അതുകൊണ്ട് ഓക്കെ എന്നു പറയണം. അതല്ലെങ്കില്‍ അതു വേണ്ട എന്നു പറഞ്ഞ് മാറ്റണം.
അത് ഒരു കഴിവായിട്ടോ, ഒരു മിടുക്കായിട്ടോ ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല. ഏതു വലിയ നടനാണെങ്കിലും. അത് ആ സീനിനെ ഹർട്ട് ചെയ്യുമോ എന്നുള്ളതിനേക്കാള്‍ ഉപരിയായി കൂടെ നില്‍ക്കുന്ന ആർട്ടിസ്റ്റുകള്‍ ഉണ്ട്. നമ്മള്‍ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാണ് പോയിരിക്കുന്നത്. ‘നമ്മുടെ ഡയലോഗ് ഇങ്ങനെ, ആ ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്.’ ആ വാക്ക് കണക്ടു ചെയ്തായിരിക്കും ചിലപ്പോള്‍ ഞാൻ ഡയലോഗ് പറയുക. ആ കണക്ഷൻ നഷ്ടപ്പെട്ടാല്‍ നമുക്ക് ഡയലോഗ് പറയാൻ ബുദ്ധിമുട്ടുണ്ടാകും. ചിലപ്പോള്‍ നമ്മള്‍ പറഞ്ഞു ഒപ്പിക്കുമായിരിക്കും. പക്ഷേ അത് നമ്മുടെ പറഞ്ഞൊപ്പിക്കലാകും. അപ്പോള്‍ വീക്ക് ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും. ഇവിടെ ഒരാള്‍ അതിനൊപ്പം പരാജയപ്പെടും. അതുകൊണ്ടുതന്നെ ഒട്ടും ശരിയായ കാര്യമല്ല അത്,” ലാല്‍ പറഞ്ഞു.

















