ഞെട്ടലോടെയായിരുന്നു അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ വീഡിയോ ലോകം കണ്ടത്. അപകടമുണ്ടായി നിമിഷ നേരത്തിനുള്ളില്‍ തന്നെ വീഡിയോ വ്യാപകമായി പ്രചരിച്ചു. സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ലക്ഷ്മിനഗറില്‍ നിന്നായിരുന്നു വൈറലായ ദുരന്ത വീഡിയോ ചിത്രീകരിച്ചത്.12-ാം ക്ലാസ് വിദ്യാർത്ഥിയായ ആര്യൻ അസാരി ആണ് തന്റെ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകർത്തിയത്. എയർപോർട്ടിനു സമീപത്ത് വിമാനങ്ങള്‍ താഴ്ന്നു പറക്കുന്ന കാഴ്ച, ആരവല്ലി ജില്ലയിലുള്ള തന്റെ സുഹൃത്തിനെ കാണിക്കാനായിരുന്നു ആര്യൻ മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ കയറി വീഡിയോ പകർത്തിയത്.
എന്നാല്‍, സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത സംഭവങ്ങള്‍ക്കായിരുന്നു ആര്യൻ പിന്നീട് സാക്ഷിയായത്. എയർ ഇന്ത്യയുടെ കൂറ്റൻ വിമാനം തന്റെ കണ്മുന്നില്‍ തകർന്നു വീണ് തീഗോളമായി മാറി. തന്റെയും അച്ഛന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റു ചെയ്തതെന്ന് ആര്യൻ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെയാണ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം നിമിഷങ്ങള്‍ക്കകം തകർന്ന് വീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 241 പേരും കൊല്ലപ്പെട്ടു. ഒരു യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്.

















