യുഎസില്‍ നടന്ന വെടിവയ്പ്പില്‍ ജനപ്രതിനിധികളായ ഭാര്യയും ഭർത്താവും കൊല്ലപ്പെട്ടു. പൊലീസ് വേഷത്തിലെത്തിയാണ് അക്രമികള്‍ വെടിയുതിർത്തത്. ഇന്നലെ രാത്രിയാണ് സംഭവം. 57-കാരനായ വാൻസ് ലൂഥർ ബോല്‍ട്ടറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ നടന്നുവരികയാണ്.
മെലിസ ഹോർട്ട്മാൻ, ഭർത്താവ് മാർക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ രാഷ്‌ട്രീയപ്പകയാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പ്രതി പൊലീസ് വേഷത്തില്‍ ദമ്ബതികളുടെ വീട്ടിലെത്തി വെടിയുതിർക്കുകയായിരുന്നു. വീട്ടില്‍ നിന്ന്പുറത്തേക്ക് കടക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ കണ്ണില്‍പ്പെട്ടത്. തുടർന്ന് പൊലീസിന് നേരെയും വെടിയുതിർത്തു. പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
അക്രമയുടേതെന്ന് സംശയിക്കുന്ന ഒരു വാഹനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് മറ്റ് രാഷ്‌ട്രീയക്കാരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളും ലഭിച്ചു. 70 ഓളം പേരുടെ വിവരങ്ങളാണ് വാഹനത്തില്‍ നിന്നും ലഭിച്ചത്. ഇത് ദുരൂഹത കൂട്ടുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















